ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി; ഭൂമിയിടപാട് കേസില്‍ സഭക്ക് കനത്ത തിരിച്ചടി
Kerala News
ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി; ഭൂമിയിടപാട് കേസില്‍ സഭക്ക് കനത്ത തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 2:17 pm

കൊച്ചി: സീറോ മലബാര്‍ സമിതി ഭൂമിയിടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം. ആലഞ്ചേരിയുടേതടക്കം ആറ് ഹരജികളും ഹൈക്കോടതി തള്ളി.

എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഈ ഹരജികള്‍ തള്ളിയ ഹൈക്കോടതി കര്‍ദിനാളിനോടും മറ്റുള്ളവരോടും വിചാരണ നേരിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസറും ഭൂമി വാങ്ങിയ സാജു വര്‍ഗീസും വിചാരണ നേരിടണ്ടേി വരും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാളടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് ഇനി സഭാ നേതൃത്വത്തിന് മുന്നിലുള്ള ഏക മാര്‍ഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ എറണാകുളം അതിരൂപതക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പും രംഗത്തെത്തിയിരുന്നു. എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

വന്‍ നികുതി തട്ടിപ്പാണ് എറണാകുളം അതിരൂപത നടത്തിയതെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. ഭൂമിയിടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

58 കോടിയുടെ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടിയാണ് അതിരൂപത ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചടക്കാതെ സഭ മറ്റു രണ്ട് സ്ഥലങ്ങള്‍ കൂടി വാങ്ങുകയായിരുന്നു.

ഈ രണ്ട് സ്ഥലം വാങ്ങലുകള്‍ക്കും കൃത്യമായ രേഖകളില്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മൂന്നാറില്‍ ഭൂമി വാങ്ങിയതിനുള്ള പണം എവിടെ നിന്നാണെന്നോ അതിനുള്ള വരുമാനത്തിന്റെ കാര്യത്തിലോ വ്യക്തതയില്ലെന്നും വകുപ്പ് പറയുന്നു.

ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളാണെന്ന് പ്രൊക്യുറേറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭൂമി മറിച്ചുവില്‍ക്കാന്‍ ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ടുകണ്ടുവെന്ന് ഫാ. ജോഷി പുതുവ ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമി മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയെന്നും ഇടപാടുകള്‍ക്കായി അതിരൂപത അക്കൗണ്ടിലെ പണം വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

കേസിലുള്‍പ്പെട്ടിരിക്കുന്ന ഭൂമിയിടപാടിന്റെ രേഖകളിലൊന്നിലും യഥാര്‍ത്ഥ വിലയല്ല കാണിച്ചിരിക്കുന്നതെന്നും വകുപ്പ് പറയുന്നു. വന്‍ നികുതിവെട്ടിപ്പാണ് ഓരോ ഇടപാടുകള്‍ വഴിയും സഭ നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mar George Alencherry should face trail in Syro Malabar Sabha land case