കണ്ണൂർ: കണ്ണൂർ അയ്യങ്കുന്നിൽ നവംബറിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് മാവോയിസ്റ്റ് പോസ്റ്റർ.
നവംബർ 13ന് നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടെ പേരിൽ പോസ്റ്ററും കുറിപ്പും പുറത്തുവന്നു. തിരുനെല്ലിയിലെ ഗുണ്ടികപ്പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്.
നവംബർ 13ന് കണ്ണൂരിലെ അയ്യങ്കുന്നിൽ കുപ്പു ദേവരാജ് കൊല്ലപ്പെട്ടതിന്റെ വാർഷികത്തിന്റെ മുന്നോടിയായി മാവോയിസ്റ്റുകൾ സമ്മേളിച്ചിരുന്നു. തുടർന്ന് കേരള പൊലീസിന്റെ തണ്ടർബോൾട്ട് കമാൻഡോകളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നുവെന്ന് ഡി.ഐ.ജി പുട്ട വിമലാദിത്യ അന്ന് സമ്മതിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിക്കേറ്റവരിൽ ഒരാൾ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇത് സ്ഥിരീകരിക്കുന്നതാണ് മാവോയിസ്റ്റുകൾ പുറത്തുവിട്ട പോസ്റ്റർ. കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടിരിക്കുന്നു എന്നും ഇവർ ലിജി ഏലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യ ആണെന്നും കർണാടകയിലെ ദുംഗഭദ്ര ദളത്തിന്റെ ഭാഗമായിരുന്നു എന്നും കുറിപ്പിൽ പറയുന്നു.
2015 മുതൽ പശ്ചിമ ഘട്ടത്തിലെ പ്രത്യേക കമ്മിറ്റിയിൽ പ്രവർത്തിച്ചുവരുന്നുണ്ട് എന്നും വിശദമായ കുറിപ്പിൽ പറയുന്നുണ്ട്. കൊലപാതകത്തിൽ പകരം ചോദിക്കുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. കവിതയുടെ കൊലപാതകം മോദി – പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ ആസൂത്രിത നീക്കമാണെന്നും പോസ്റ്ററിൽ ആരോപിക്കുന്നുണ്ട്.
Content Highlight: Maoist poster confirming murder of maoist in police conflict