മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ദല്‍ഹിക്കും ഉറപ്പില്ല; പഞ്ചാബിനും തമിഴ്‌നാടിനും ആശങ്ക; മെയ് ഒന്നിലെ വാക്‌സിനേഷന്‍ ഉറപ്പുപറയാതെ സംസ്ഥാനങ്ങള്‍
national news
മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ദല്‍ഹിക്കും ഉറപ്പില്ല; പഞ്ചാബിനും തമിഴ്‌നാടിനും ആശങ്ക; മെയ് ഒന്നിലെ വാക്‌സിനേഷന്‍ ഉറപ്പുപറയാതെ സംസ്ഥാനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 8:26 pm

ന്യൂദല്‍ഹി: മെയ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് ആശങ്കതീരാതെ സംസ്ഥാനങ്ങള്‍. പല സംസ്ഥാനങ്ങള്‍ക്കും മെയ് ഒന്നിന് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.

ദല്‍ഹി, മഹാരഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെയ് ഒന്നിന് വാക്‌സിനേഷന്‍ തുടങ്ങില്ലെന്നാണ് സൂചന.

മതിയായ വാക്‌സിന്‍ ലഭിക്കാതെ മുംബൈയില്‍ 18 നും 44 നും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ദല്‍ഹിയില്‍ വാക്‌സിന്‍ ഇല്ലെന്നും വാക്‌സിന്‍ ആവശ്യപ്പെട്ട് കാത്തിരിക്കുകയാണെന്നുമാണ് ദല്‍ഹി സര്‍ക്കാര്‍ പറഞ്ഞത്.

10 ലക്ഷം ഡോസ് വാക്‌സിനെങ്കിലും കിട്ടിയാല്‍ മാത്രമെ തങ്ങള്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങാന്‍ പറ്റും എന്നാണ് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്. രാജസ്ഥാനിലും ആവശ്യത്തിന് വാക്‌സിന്‍ ഇല്ല. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള അവസ്ഥയുണ്ടോ എന്ന കാര്യത്തില്‍ തമിഴ്‌നാടിനും ആശങ്കയാണ്.

കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ ഒരു മിനുട്ടില്‍ ലക്ഷം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതേസമയം, കൊവിഷീല്‍ഡിന് പിന്നാലെ രാജ്യത്ത് കൊവാക്സിനും വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവാക്സിന്‍ ഡോസിന്റെ വിലയാണ് കുറച്ചത്.

ഇത് പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കൊവാക്സിന്‍ ഡോസിന്റെ വില 600 രൂപയില്‍ നിന്ന് 400 രൂപയായിട്ടാണ് കുറച്ചത്.

ഭാരത് ബയോടെക്ക്, ഐ.സി.എം.ആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷില്‍ഡ് വാക്‌സിന്റെ വില കുറയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പുനെവാല പ്രഖ്യാപിച്ചത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Many States Not Ready For Big 18-Plus Vaccine Rollout