രാമക്ഷേത്ര ഉദ്ഘാടന ദിവസം പൊതുഅവധി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെതിരെ മാനു സർവകലാശാല യൂണിയൻ
national news
രാമക്ഷേത്ര ഉദ്ഘാടന ദിവസം പൊതുഅവധി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെതിരെ മാനു സർവകലാശാല യൂണിയൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd January 2024, 11:36 am

ഹൈദരാബാദ്: രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് മുഴുവൻ പൊതു സ്ഥാപനങ്ങൾക്കും ഉച്ച വരെ അവധി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അപലപിച്ച് മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാല (മാനു) യൂണിയൻ.

പൊതു സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും നുഴഞ്ഞുകയറാനും കാവിവത്കരിക്കാനുമുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് യൂണിയൻ പ്രസിഡന്റ്‌ മതീൻ അഷ്‌റഫ്‌ പറഞ്ഞു.

‘ഇന്ത്യ അത്യധികം വിലമതിക്കുന്ന മതേതര മൂല്യങ്ങൾക്കെതിരെയുള്ള തിരിച്ചടി മാത്രമല്ല പുതിയ നീക്കം. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതേതര തത്വങ്ങളോടുള്ള ഭീഷണി കൂടിയാണ്.

ആർ.എസ്.എസ് പിന്തുണയോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുവാൻ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേലുള്ള നിയന്ത്രണം ഏറ്റെടുക്കുന്നതെങ്ങനെയെന്നാണ് ഇവിടെ കാണുന്നത്.

മതപരമായ ആചാരങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ട് ഇന്ത്യ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നു,’ മതീൻ അഷ്‌റഫ്‌ പറഞ്ഞു.

സ്വതന്ത്ര ചിന്ത, സ്വയംഭരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ വളർത്തിയെടുക്കുന്നതിലാണ് അക്കാദമിക സ്ഥാപനങ്ങളുടെ പവിത്രതയെന്നും അതിനെ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുമായി കൂട്ടിക്കുഴക്കാനുള്ള ശ്രമങ്ങൾ സർവ്വകലാശാല എന്ന ആശയത്തിന് ഭീഷണിയാണെന്നും മതീൻ അഷ്‌റഫ്‌ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന ശക്തികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അധ്യാപകരോടും വിദ്യാർത്ഥികളോടും ജനുവരി 22ന് ക്ലാസുകൾ ബഹിഷ്കരിക്കുവാനും യൂണിയൻ ആഹ്വാനം ചെയ്തു.

1992 ഡിസംബർ ആറിന് ഹിന്ദുത്വവാദികൾ തകർത്ത ബാബരി മസ്ജിദിനോടുള്ള ഐക്യദാർഢ്യം ആയിട്ടാണ് യൂണിയന്റെ ആഹ്വാനം.

Content Highlight: MANUU Students’ Union condemns half-day holiday on Jan 22