ജൂണ്‍ 15ന് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ മാസം കാണാന്‍ കാത്തിരിക്കുമ്പോള്‍, വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ പ്രഖ്യാപിക്കുന്നതും, വിശ്വാസികളല്ലാത്തവര്‍ വാരാന്ത്യ അവധി കൂട്ടിക്കിട്ടുന്നതും പ്രതീക്ഷിച്ചിരിക്കുമ്പോളാണ് ശ്രീനഗറിലെ ഓഫീസിനു മുമ്പില്‍ റൈസിങ് കശ്മീരിന്റെ എഡിറ്റര്‍ ശുജാഅത് ബുഖാരി തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. കശ്മീരില്‍ സമാധാനം കൊണ്ടുവരാനുള്ള ശുജാഅത് ബുഖാരിയുടെ ശ്രമങ്ങളില്‍ രോഷംപൂണ്ട ഒരുകൂട്ടം തീവ്രവാദികള്‍ ക്ലോസ് റെയ്ഞ്ചില്‍ നിന്നും അദ്ദേഹത്തിനുനേരെ ഉതിര്‍ത്തത് 16ഓളം വെടിയുണ്ടകളാണ്.
ആ കൊലപാതകം നടന്ന ആഴ്ചയുടെ തുടക്കത്തിലായിരുന്നു 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളുരുവിലെ സ്വവസതിക്കു മുമ്പില്‍ വെടിയേറ്റു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലക്കേസില്‍ കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തിയത്. ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തെന്ന് ആരോപിക്കുന്ന പരശുറാം വാങ്മെയറിനെ അറസ്റ്റു ചെയ്തുവെന്ന് എസ്.ഐ.ടി മാധ്യമങ്ങളോടു പറഞ്ഞു. തന്റെ മതത്തെ സംരക്ഷിക്കാനാണ്” കൊലപാതകം നടത്തിയതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് എസ്.ഐ.ടി പറഞ്ഞത്.
ജൂണ്‍ ഏഴിനാണ് മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് തനിക്ക് ഭീഷണിയുണ്ടെന്ന് ട്വീറ്ററിലൂടെ അറിയിച്ചത്. വ്യവസ്ഥിതിയിലെ ഉന്നതരായ ചിലയാളുകളില്‍ നിന്നും താനും കുടുംബവും അവരുടെ നിരീക്ഷണ വലയത്തിലാണെന്ന ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നെന്നാണ് അവര്‍ പറഞ്ഞത്.
Received chilling veiled threats and “messages” from powerful people in the Establishment today that my family and I are under surveillance – and that I will be smeared & maligned to stop me from starting any new projects. Was advised to get my house debugged. Is this my country?
— barkha dutt (@BDUTT) June 7, 2018
ഈ ട്വീറ്റിന്റെ പേരില്‍ അവര്‍ അധിക്ഷേപിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് തോന്നുന്നെങ്കില്‍ പാകിസ്ഥാനിലേക്കു പോകാമെന്നാണ് ചിലര്‍ കമന്റു ചെയ്തത്.
ഗുജറാത്ത് കലാപത്തിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും സംസ്ഥാന സര്‍ക്കാറിനുള്ള പങ്കിനെക്കുറിച്ച് ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തക റാണ അയൂബും ഏപ്രിലില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. അങ്ങേയറ്റം അധിക്ഷേപകരവും സംഘടിതവുമായ ആക്രമണമായിരുന്നു അത്.
കഠ്വ സംഭവത്തിലെ പ്രതികളെ ന്യായീകരിക്കുന്ന തരത്തില്‍ റാണ അയൂബിന്റെ പേരില്‍ ഒരു വ്യാജ ട്വീറ്റ് സൃഷ്ടിച്ചെടുക്കുകയും സംഘടിതമായ സൈബര്‍ ആക്രമണത്തിന് വഴിവെക്കുന്ന തരത്തില്‍ അത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയുമായിരുന്നു. അവരുടെ പ്രൊഫൈല്‍ പേജില്‍ തുടര്‍ച്ചയായി ഭീഷണിയും അധിക്ഷേപവും പോസ്റ്റു ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ അക്രമിക്കൂട്ടമായിരുന്നു അത്.
അവിടംകൊണ്ടും അവസാനിച്ചില്ല. അവര്‍ക്കെതിരെ മോര്‍ഫു ചെയ്ത അശ്ലീല വീഡിയോ വ്യാപകമായി പ്രചരിച്ചു. “മൂന്ന് ദിവസത്തോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മിണ്ടാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.” എന്നാണ് റാണ അയൂബ് പറഞ്ഞത്.
അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന അത്രത്തോളം ഗുരുതരമായിരുന്നു സ്ഥിതി. യുനൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ റൈറ്റ്സിന്റെ ഹൈക്കമ്മീഷണറുടെ ഓഫീസ് ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നതുവരെ കാര്യമെത്തി: “റാണ അയൂബിനെ സംരക്ഷിക്കാന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ഭാരത സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കണം. വധഭീഷണി നേരിടുന്നവര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. ജീവനും നിലനില്‍പ്പിനും ഭീഷണിയുണ്ടെന്ന് കാണുന്ന വ്യക്തികളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്.”
മെയ്യില്‍ എന്‍.ഡി.ടി.വി എക്സിക്യുട്ടീവ് എഡിറ്ററായ രവീഷ് കുമാര്‍ ഓണ്‍ലൈനില്‍ തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളും ഭീഷണിയും എത്രത്തോളം ഗുരുതരമാണെന്ന കാര്യം വിശദീകരിച്ചിരുന്നു. അതിന്റെ ഗ്രാഫിക് വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
2018 മാര്‍ച്ചില്‍ വാഹനാപകടമെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ സന്ദീപ് ശര്‍മ്മ, ബീഹാറിലെ നവീണ്‍ നിശ്ചല്‍, വിജയ് സിങ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
ഇതെല്ലാം വളരെയധികം അസ്വസ്ഥപ്പെടുത്തുന്ന സംഭവവികാസങ്ങളാണ്. ഭരണഘടനാ മൂല്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ഒരു ജനാധിപത്യ രാജ്യത്തിന് ഇതൊരിക്കലും ഗുണം ചെയ്യില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം അപകടം പിടിച്ച ജോലികളിലൊന്നാണ് മാധ്യമപ്രവര്‍ത്തനം എന്നു പറയുന്നത് പെരുപ്പിച്ചു പറയലാവില്ല. ഈ വര്‍ഷം വേള്‍ഡ് പ്രസ് ഫ്രീഡം ഇന്റക്സില്‍ ഇന്ത്യ 138ാം റാങ്കിലേക്ക് താഴ്ന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല.
ഈ ട്രന്റിന്റെ ശ്രദ്ധിക്കേണ്ട സവിശേഷത ഇത് ഭരണകൂടത്തില്‍ നിന്നും നേരിട്ടുണ്ടാവുന്ന ഒന്നല്ല മറിച്ച് മതഭ്രാന്തരില്‍ നിന്നും സൈബര്‍ ഗുണ്ടകളില്‍ നിന്നുമുള്ളതാണെന്നാണ്. ഇവര്‍ സംഘടിച്ച് ആക്രമണം നടത്തുന്നു. അധികാരത്തിന്റെ ഒത്താശയോടുകൂടിയെന്ന് തോന്നിപ്പിക്കും വിധത്തില്‍. ഭരണകൂടേതര ശക്തികളില്‍ നിന്നുള്ള ഇത്തരം ആക്രമണത്തില്‍ നിന്നും എന്ത് സുരക്ഷയാണ് നമ്മുടെ ഭരണഘടന മാധ്യമസ്വാതന്ത്ര്യത്തിനു നല്‍കുന്നത്?
ഭരണഘടനേതര ശക്തികള്‍:
വിദ്വേഷ ശക്തികള്‍ അടുത്തിടെയായി പുതിയ മുഖ്യധാരയായി മാറിയിട്ടുണ്ട്. വിദ്വേഷ പ്രസംഗം, വധ ഭീഷണി, സ്ലട്ട് ഷെയ്മിങ്, തുടങ്ങിയവ ആയുധമായി ഉപയോഗിക്കുന്ന ഈ വിധ്വംസക ശക്തികള്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാമൂഹ്യ സാംസ്‌കാരിക രംഗത്തിനുമേല്‍ വളരെയധികം അധികാരവും സ്വാധീനവും ലഭിക്കുന്നു. അവര്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുകയും അതിന്റെ ഫലമായി പൊതുസമക്ഷത്തില്‍ കൂടുതലായി അംഗീകാരം കിട്ടുകയും ചെയ്തിട്ടുണ്ട്. മുഖ്യധാരാ മധ്യവര്‍ഗം മര്യാദയുടെ പുറംപൂച്ചില്‍ കാലങ്ങളായി ഉള്ളിലടക്കിവെച്ചിരുന്ന ചീത്ത മുന്‍വിധികളെയും മതഭ്രാന്ത് നിറഞ്ഞ അഭിലാഷങ്ങളേയുമാണ് ഇക്കൂട്ടര്‍ പുറത്തേക്കുവിടുന്നത്.
ഗൗരി ലങ്കേഷ് വധക്കേസില്‍ ആരോപണവിധേയനായ ആള്‍ക്ക് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തലിഖ് ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും ഗൗരി ലങ്കേഷിനോടുള്ള അതൃപ്തി കുത്തുവാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ മുത്തലിക് ഒരുമടിയും കാണിച്ചില്ല. ആ വാക്കുകള്‍ ഇവിടെ പറയാന്‍ കഴിയില്ല.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അശ്ലീല പ്രയോഗങ്ങള്‍ നടത്തി ആഘോഷിച്ച ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും തങ്ങള്‍ മോദി ഫോളോ ചെയ്യുന്നയാളാണെന്ന വസ്തുത പൊങ്ങച്ചമായി കൊണ്ടുനടക്കുന്നവരാണ്. അരുംകൊലയില്‍ ആഹ്ലാദം പൂണ്ടുള്ള ആഘോഷങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതോടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആഘോഷങ്ങളെ അപലപിച്ച് ട്വീറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായത്.
ഈ പ്രസ്താവനയുടെ പേരില്‍ മതഭ്രാന്തര്‍ രവിശങ്കര്‍ പ്രസാദിനെ വരെ വെറുതെ വിട്ടില്ലയെന്നാണ് ദ വയറിലെ ഒരു റിപ്പോര്‍ട്ടില്‍ നിന്നു മനസിലാവുന്നത്. “മതേതര ലിബറല്‍ തെമ്മാടികള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ തലകുനിച്ചു? നിങ്ങള്‍ക്കുവേണ്ടിയാണ് നിസ്വാര്‍ത്ഥമായി, അക്ഷീണമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് പ്രതിഫലം” രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയ്ക്കു മറുപടിയായി വന്ന ഒരു ട്വീറ്റാണിത്. “മോദി ഫോളോ ചെയ്യുന്നതിനാല്‍ അനുഗ്രഹീതന്‍” എന്ന് പ്രൊഫൈലില്‍ കുറിച്ച ഒരു ട്വിറ്റര്‍ യൂസറിന്റെ ട്വീറ്റാണിത്.
സര്‍ക്കാറിനെതിരെയുള്ള നിലപാടുകള്‍ തുറന്നുപറയുന്നവരെ ചീത്തവിളിക്കുകയും തീവ്രമായി അധിക്ഷേപിക്കുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധരായവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റ് തൃണമൂല്‍ എം.പി ഡെരക് ഒബ്രിയന്‍ പുറത്തുവിട്ടിരുന്നു. അദ്ദേഹം പറഞ്ഞത് ” സര്‍ക്കാറിനെതിരെ എന്ത് അഭിപ്രായം പോസ്റ്റു ചെയ്താലും അവര്‍ക്കെതിരെ ബലാത്സംഗഭീഷണി ഉള്‍പ്പെടെ എല്ലാതരം ഭീഷണികളും മുഴക്കുന്ന 26 ട്വിറ്റര്‍ ഹാന്റിലുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ട്വിറ്റര്‍ തന്നെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്.” ഒബ്രിയന്‍ പുറത്തവിട്ട ലിസ്റ്റിലെ പേരുകള്‍ പിന്നീട് രാജ്യസഭാ രേഖയില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. സഭയില്‍ ഹാജരില്ലാത്ത വ്യക്തികളെ അവരുടെ സാന്നിധ്യത്തിലല്ലാതെ അപലപിക്കാന്‍ പാടില്ലെന്ന ചട്ടം പറഞ്ഞ് സ്മൃതി ഇറാനി എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഭരണകക്ഷിയും ഈ ട്രോള്‍ ആര്‍മിയും തമ്മില്‍ അദൃശ്യമായ പൊക്കിള്‍ക്കൊടി ബന്ധം ഉള്ളതുപോലെയാണ് തോന്നുന്നത്. പലപ്പോഴും അവര്‍ ഒരേപോലെയാണ് പ്രവര്‍ത്തിക്കുന്നത്. വ്യവസ്ഥിതിയ്ക്കെതിരെ മാധ്യമങ്ങള്‍ അപ്രിയ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അല്ലെങ്കില്‍ ഭരണകക്ഷി പിന്താങ്ങുന്ന സാംസ്‌കാരിക പ്രത്യയശാസ്ത്രത്തിന്റെ നിയമങ്ങളെ വിമര്‍ശിക്കുമ്പോള്‍ പൊള്ളുന്നത് ഈ ട്രോള്‍ ആര്‍മിക്കാണ്. അവര്‍ സടകുടഞ്ഞെഴുന്നേറ്റ് പണിതുടങ്ങും.
സര്‍ക്കാറിനുവേണ്ടി ഇത്തരം “വൃത്തികെട്ട പണി” ചെയ്യാന്‍ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയ അനൗപചാരിക ഏജന്റുമാരോണോ ഇവര്‍ എന്ന് ഒരാള്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റാത്തത്ര വ്യക്തമാണ് അവരുടെ ട്രന്റുകളും ബന്ധങ്ങളും. കാരണം അധികാരികളില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കുന്ന രക്ഷാകര്‍തൃത്വം പ്രദര്‍ശിപ്പിക്കുന്നതിന് ഈ ട്രോള്‍ ആര്‍മിക്ക് യാതൊരു മടിയുമില്ല. കൂടാതെ അവര്‍ അവരുടെ “പണിയെടുക്കുന്നത് ” ശിക്ഷിക്കപ്പെടില്ലെന്ന ഉത്തമവിശ്വാസത്തിലുമാണ്.
ട്രോളുകള്‍ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഐ.ടി സെല്ലുകളുടെ ഭാഗമാകുന്നതെന്നും അവരെ എങ്ങനെയാണ് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ മതിയാംവണ്ണം രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നതെന്നും സ്വാതി ചുതര്‍വേദിയുടെ “ഐം ട്രോള്‍: ഇന്‍സൈഡ് ദ സീക്രട്ട് വേള്‍ഡ് ഓഫ് ദ ബി.ജെ.പീസ് ഡിജിറ്റല്‍ ആര്‍മി” എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ട്രോള്‍ ആര്‍മികളേയും ഛിദ്രശക്തികളെയും പോലുള്ള ഭരണകൂട ഇതര ശക്തികള്‍ മൗലിക അവകാശങ്ങളെ ഹനിക്കുമ്പോള്‍ കോടതികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?
ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദത്തിലെ 1 a പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് പത്രസ്വാതന്ത്രം എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഭരണകൂടത്തിന് ഏതൊക്കെ അവസരത്തിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമപ്രകാരം നിയന്ത്രിക്കാനാവുകയെന്നത് 19ാം അനുച്ഛേദത്തിന്റെ രണ്ടാം ഭാഗത്ത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ നിയമനിര്‍ണാസഭയുടെ കൈകടത്തലുകള്‍ക്കെതിരെ മാധ്യമസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ പൊതുവെ വളരെ ആക്ടീവാണ്. പക്ഷേ ട്രോള്‍ ആര്‍മികളെപ്പോലുള്ള ഭരണഘടനേതര സ്ഥാപനങ്ങളില്‍ നിന്നും എങ്ങനെയാണ് ഈ പരമ്പരാഗത സംരക്ഷകര്‍ക്ക് മാധ്യമസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനാവുക?
ഭരണകുടേതര ആക്ടേഴ്സിന്റെ ധ്വംസനങ്ങളില്‍ നിന്നും മൗലികാവകാശങ്ങളെ സംരക്ഷിക്കാന്‍ “ഹൊറിസോണ്ടല്‍ അപ്ലിക്കേഷന്‍” എന്ന ആശയം ജുഡീഷ്യറി രൂപപ്പെടുത്തിയിരുന്നു. എന്നാല്‍ തിരിച്ചറിയപ്പെടാത്ത, മുഖമില്ലാത്ത ട്രോളുകള്‍ക്കെതിരെ ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും? അധികാരത്തിലിരിക്കുന്ന സര്‍ക്കാറുകളുടെയും നിയമത്തിന് അതീതരായി പ്രവര്‍ത്തിക്കുന്ന ഇവരുടേയും താല്‍പര്യങ്ങള്‍ പലപ്പോഴും ഒന്നാവുന്നത് കാരണം ഇവര്‍ക്കെതിരെ നടപടികാത്ത് സര്‍ക്കാറിനെയോ പരമ്പരാഗത നിയമ സംവിധാനത്തെയോ ആശ്രയിക്കുന്നതില്‍ വലിയ കാര്യമില്ല. കൂടാതെ ഇവര്‍ മുഖധാരയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചെടുത്തതിനാല്‍ അവരെ ചൊടിപ്പിക്കാന്‍ ഭരണകക്ഷി പാര്‍ട്ടികള്‍ താല്‍പര്യം കാണിക്കുകയുമില്ല.
ഇത്തരം ഭരണഘടനേതര സ്ഥാപനങ്ങളുടെ കശാപ്പില്‍ നിന്നും സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുനിര്‍ത്താന്‍ ഒരു ഭരണഘടനാ ആയുധം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് നമ്മുടെ നിയമജ്ഞരും നീതിന്യായ വിദഗ്ധരും ആലോചിക്കണം. അജ്ഞാതരായ വലിയ കൂട്ടം ആളുകളുടെ ധ്വംസനമെന്ന ഭീഷണിയില്‍ നിന്നും ബൗദ്ധിക സ്വത്തവകാശത്തെ സംരക്ഷിക്കാന്‍ “സൂപ്പര്‍ ഇഞ്ചക്ഷന്‍”, ജോണ്‍ ഡിയോ ഓര്‍ഡര്‍ പോലുള്ള ആശയങ്ങള്‍ കോടതി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ കുറേക്കൂടി വിപുലപ്പെടുത്തി മാധ്യമസ്വാതന്ത്ര്യത്തെ ഭരണഘടനപരമായി സംരക്ഷിക്കുന്ന തലത്തിലേക്ക് മാറ്റിയെങ്കില്‍ മാത്രമേ ഭരണകൂടേതര ഘടകങ്ങള്‍ സൃഷ്ടിക്കുന്ന പുതിയകാല പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവൂ. നിയമത്തിന് അതീതരായ ഈ ഘടകങ്ങളെ അവരുടെ വഴിക്ക് വിട്ടാല്‍ അത് ഭരണഘടനയെ തന്നെ അടിച്ചമര്‍ത്തുന്നതിന് തുല്യമാകും.
നിയമപ്രകാരം മാത്രം പരിഹരിക്കാന്‍ കഴിയാത്തത്ര ആഴമുള്ളതാണ് ഈ പ്രശ്നം. മുകളില്‍ പറഞ്ഞതുപോലെ ട്രോളുകളും വിദ്വേഷ ശക്തികളും മുഖ്യധാരാ ഭൂരിപക്ഷം ഉള്ളിലൊളിപ്പിച്ച ചിന്തകളാണ് പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ വികാരം ഊര്‍ജ്ജം നല്‍കുന്ന ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം ഛിദ്രശക്തികള്‍ പരമാര്‍ത്ഥമായ നിയമസായുധ ആസ്വദിക്കും.
ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് അസന്തുഷ്ടമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്ന് മനസിലാവുക. ” ഇന്ത്യന്‍ മണ്ണ് ജനാധിപത്യവിരുദ്ധമായി തുടരുന്നിടത്തോളം ഇന്ത്യന്‍ ജനാധിപത്യം എന്നത് ഒരു പുറംമോടി മോത്രമാണ്” ഈ വാക്കുകള്‍ ഇന്നും ശരിയാണെന്നു തോന്നും. ഇന്ത്യന്‍ മാനസികാവസ്ഥ വൈജാത്യങ്ങളെ അംഗീകരിക്കുന്ന തരത്തില്‍ കൂടുതല്‍ ലിബറലും വിശാലവും ആയി മാറിയില്ലെങ്കില്‍ കോടതിയുടെയും നിയമത്തിന്റെയും റോള്‍ എന്നത് അപ്പപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാസം നല്‍കുകയെന്നതു മാത്രമായി ചുരുങ്ങും. അതുപോലെ മൗലികാവാകാശം എന്നത് ഭരണഘടനയില്‍ പ്രിന്റ് ചെയ്തിട്ടുള്ള കാര്യം മാത്രമായി നിലനില്‍ക്കും.
ലൈവ് ലോ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ