Advertisement
Entertainment
അയാള്‍ സംവിധായകനായതുകൊണ്ട് മാത്രം സംഭവിച്ച സിനിമയാണത്, അതിനൊരു രണ്ടാം ഭാഗം ഞാന്‍ ആഗ്രഹിക്കുന്നില്ല: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 17, 04:01 pm
Monday, 17th March 2025, 9:31 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മനോജ് കെ. ജയന് ഒരുപാട് പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു അനന്തഭദ്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിഗംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു മനോജ് കെ. ജയന്‍ അവതരിപ്പിച്ചത്. മനോജ് കെ. ജയനില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു ദിഗംബരന്‍. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അടുത്തിടെ അറിയിച്ചിരുന്നു.

എന്നാല്‍ അനന്തഭദ്രത്തിന് ഒരു രണ്ടാം ഭാഗം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. മിക്ക ദിവസങ്ങളിലും രണ്ടാം ഭാഗത്തിനെക്കുറിച്ച് അന്വേഷിച്ച് തനിക്ക് മെസ്സേജുകള്‍ വരാറുണ്ടെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ആദ്യഭാഗം പ്രേക്ഷകര്‍ അത്രമാത്രം സ്വീകരിച്ചിട്ടുണ്ടെന്നും അക്കാരണം കൊണ്ടാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നതെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആദ്യഭാഗത്തിന് മുകളില്‍ നില്‍ക്കുന്ന കഥയായാല്‍ മാത്രമേ രണ്ടാം ഭാഗം സ്വീകരിക്കപ്പെടുള്ളൂവെന്നും സന്തോഷ് ശിവന്‍ തന്നെ അത് സംവിധാനം ചെയ്യണമെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്തതുകൊണ്ടാണ് ആദ്യഭാഗം അത്രമികച്ചതായതെന്നും രണ്ടാം ഭാഗം തിരക്കഥയിലും മേക്കിങ്ങിലും അത് മുന്നിട്ട് നില്‍ക്കണമെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ദീപികയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘അനന്തഭദ്രവും ദിഗംബരനും… അത് അങ്ങനെതന്നെ നില്‍ക്കട്ടെ. ഇന്നും അതിനെ പ്രകീര്‍ത്തിച്ചു മെസേജുകള്‍ വരുന്നു. പാര്‍ട്ട് 2 എടുത്താല്‍ അത് ആദ്യ പാര്‍ട്ടിനു മേലേ വരണം. സന്തോഷ് ശിവന്‍ തന്നെ സംവിധാനം ചെയ്യണം. ആ മേക്കിങ് അംഗീകരിച്ച പ്രേക്ഷകലക്ഷങ്ങളുടെ ഇടയിലേക്ക് വേറൊരാള്‍വന്ന് പാര്‍ട്ട് 2 ചെയ്താല്‍ അത് എത്രത്തോളം നന്നാകുമെന്ന പേടിയുണ്ട്.


അങ്ങനെ ചിലര്‍ സമീപിച്ചെങ്കിലും താത്പര്യമില്ലെന്നു പറഞ്ഞു. മാത്രമല്ല, എനിക്കും അതിലേറെ മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമില്ല. അന്നത് സന്തോഷ് ശിവന്‍ ചെയ്തതുകൊണ്ടു സംഭവിച്ചതാണ്. ആ കാമറ മാജിക്കും അതിന്റെ ആഖ്യാനവുമൊക്കെ പുനഃസൃഷ്ടിക്കാനാകുമോ? പാര്‍ട്ട് 2 ചെയ്താല്‍, പുതിയൊരു മോഡില്‍ ചെയ്യണം. തിരക്കഥാകാരന്‍ സുനില്‍ പരമേശ്വരന്‍കൂടി തീരുമാനിക്കേണ്ട കാര്യമാണത്,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan saying he didn’t want to do the second part of Ananthabhadram movie