പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അനന്തഭദ്രം. ചിത്രത്തിലെ നായക കഥാപാത്രത്തെക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് മനോജ്.കെ.ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന വില്ലന്‍ കഥാപാത്രമായിരുന്നു.
ദിഗംബരന്‍ എന്ന കഥാപാത്രത്തിന്റെ രൂപത്തെ കുറിച്ച് പറയുകയാണിപ്പോള്‍ മനോജ്.കെ.ജയന്‍. വലിയ കലാരൂപങ്ങളുടെ വേഷവിധാനങ്ങളില്‍ നിന്നും കടംകൊണ്ടാണ് ദിഗംബരന്റെ രൂപം സൃഷ്ടിച്ചതെന്നും ആ കഥാപാത്രം ചെയ്തപ്പോള്‍ തനിക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നും മനോജ് പറഞ്ഞു. ജാങ്കോസ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ആ കാലത്ത് ദിഗംബരനെ കാണിച്ച് പേടിപ്പിച്ച് കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിച്ചിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് ആ കഥാപാത്രത്തിന്റെ രൂപം കാണുമ്പോഴാണ് കുട്ടികള്‍ പേടിക്കുന്നത്. പുള്ളിയുടെ ആക്ഷനില്‍ അങ്ങനെ വലിയ ബഹളമൊന്നും ഇല്ലെങ്കില്‍ പോലും ആ രൂപം കാണുമ്പോള്‍ കുട്ടികള്‍ക്ക് പേടി തോന്നും.
റെഡ് ഷോളുമിട്ട് കണ്ണൊക്കെ നീട്ടിയെഴുതി വല്ലാത്തൊരു രൂപമല്ലേയത്. തെയ്യത്തിന്റെ ആള്‍ക്കാര്‍ കണ്ണില്‍ വെക്കുന്ന ഒരു സാധനമുണ്ട് അതായിരുന്നു ആ പാട്ടിലൊക്കെ ഞാന്‍ കണ്ണില്‍ വെച്ചിരുന്നത്. അതിനാണെങ്കില്‍ ചെറിയൊരു ഹോള്‍ മാത്രമേയുള്ളു. ബാക്കി മുഴുവനും മെറ്റലാണ്. ആ ഹോളിനകത്തുകൂടി മാത്രമേ കാണാന്‍ പറ്റുകയുള്ളു. ഒന്ന് അറിയാതെ സൈഡിലേക്ക് നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില്ല.
ആ സാധനമൊക്കെ തെയ്യം കെട്ടുന്നവരില്‍ നിന്നും വാങ്ങികൊണ്ട് വന്നതാണ്. പലരീതിയിലുള്ള സാധനങ്ങള്‍ അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. സിനിമയില്‍ എന്റെ കയ്യില്‍ വെച്ചിരിക്കുന്ന നഖം കഥകളിക്കാര്‍ വെക്കുന്നതാണ്. കഥകളിയുടെ നഖം, തെയ്യംകെട്ടുമ്പോള്‍ വെക്കുന്ന കണ്ണ് അങ്ങനെ പല പല സാധനങ്ങള്‍ കൊണ്ടാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുത്തത്,’ മനോജ്.കെ.ജയന്‍ പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറമാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. വിഷ്ണു ശശി ശങ്കറാണ് സിനിമ സംവിധാനം ചെയ്തത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും സിനിമക്ക് ലഭിച്ചത്.
content highlight: manoj k jayan about digambaran character