അദ്ദേഹം കാരണമാണ് ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ആഗ്രഹം സാധ്യമായത്: മഞ്ജു വാര്യർ
Entertainment
അദ്ദേഹം കാരണമാണ് ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ആഗ്രഹം സാധ്യമായത്: മഞ്ജു വാര്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 8:16 pm

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.

തല എന്നറിയപ്പെടുന്ന തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം തുനിവ്‌ എന്ന സിനിമയിൽ നായികയായി എത്തിയത് മഞ്ജുവായിരുന്നു. അജിത്തിനൊപ്പം ബൈക്ക് റൈഡ് നടത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് വൈറലായി മാറിയിരുന്നു.

ബൈക്ക് റൈഡിങ്ങിൽ തനിക്ക് ആദ്യമേ താത്പര്യം ഉണ്ടായിരുന്നുവെന്നും അതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് അജിത്ത് തന്നെ റൈഡിന് ക്ഷണിച്ചതെന്നും മഞ്ജു പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു മഞ്ജു.


‘റൈഡിങ്ങിൽ എനിക്ക് ആദ്യമേ ആഗ്രഹം ഉണ്ടായിരുന്നു. തുനിവിന്റെ ഷൂട്ടിന്റെ സമയത്താണ് ഞാൻ പോവുന്നത്. അദ്ദേഹം വളരെ പ്രൊഫഷണലായിട്ടുള്ള ഒരു റൈഡറാണ്. നല്ല ക്വാളിറ്റിയുള്ള ഒരു ബൈക്കറാണ്.

അതിനെ കുറിച്ച് ഇങ്ങനെ ചർച്ച ചെയ്തപ്പോഴാണ് റൈഡ് പോവാൻ താത്പര്യമുണ്ട് ബൈക്ക് ഓടിക്കാനൊക്കെ അത്യാവശ്യം അറിയാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹമാണ് എന്നെ ക്ഷണിച്ചത്. ആ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ലാഡക്കിലേക്ക് ഒരു പ്രൊഫഷണൽ ടീമിന്റെ കൂടെ പോവുന്നുണ്ടായിരുന്നു

അദ്ദേഹം വളരെ സ്വീറ്റായി എന്നെ ക്ഷണിച്ചതാണ്. ആഗ്രഹവും സ്വപ്നം കാണലുമൊക്കെയെ ഉണ്ടായിരുന്നുള്ളൂ. അത് നേരിട്ട് ഇങ്ങനെ എക്സ്പീരിയൻസ് ചെയ്യുന്നത്, അല്ലെങ്കിൽ അതിന് ഒരു കാരണമായത് അദ്ദേഹമാണ്,’മഞ്ജു വാര്യർ പറയുന്നു.

അതേസമയം മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഫുട്ടേജ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വീഡിയോ റെക്കോഡിലൂടെയാണ് കഥ പറയുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Manju Warrior Talk About Ajith Kumar