Entertainment news
അങ്ങോട്ട് കയറി ചോദിച്ചിട്ട് ഇത് വലിയ ശല്യമായല്ലോ എന്ന് തോന്നരുതല്ലോ; പക്ഷെ മൂന്നാം ദിവസം അജിത്ത് സാര്‍ എന്നെ ഞെട്ടിച്ചു: മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 13, 08:06 am
Friday, 13th January 2023, 1:36 pm

വിനായക് മഹാദേവ് എന്ന ഗ്യാങ്സ്റ്റര്‍ ലീഡറായി അജിത്ത് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. ചിത്രത്തില്‍ ഒരു പ്രധാന ആക്ഷന്‍ റോളില്‍ മഞ്ജു വാര്യറും എത്തുന്നുണ്ട്.

തുനിവിന്റെ റിലീസിന് മുമ്പ് അജിത്തും മഞ്ജുവും ചില സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ബൈക്ക് യാത്ര സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ആ യാത്രയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ മഞ്ജു.

”അജിത്ത് സാറിനൊപ്പമുള്ള ബൈക്ക് ട്രിപ്പ് ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് വന്ന ഒരവസരമായിരുന്നു. തുനിവിന്റെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരുന്ന സമയത്ത് യാത്രയെ കുറിച്ച് ഞങ്ങള്‍ സംസാരിക്കുമായിരുന്നു.

എനിക്ക് ഭയങ്കര ഇഷ്ടമാണ് യാത്ര ചെയ്യാന്‍, സാറിനും യാത്ര ചെയ്യാന്‍ വലിയ ഇഷ്ടമാണ്. അതിനെക്കുറിച്ച് ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് വളരെ ആകസ്മികമായാണ് ഇക്കാര്യം പറഞ്ഞത്.

അദ്ദേഹം അതിനടുത്ത ദിവസം ഒരു ബൈക്ക് ട്രിപ്പിന് പോകാനുള്ള പ്ലാനുണ്ടായിരുന്നു. എന്നാ ഞങ്ങടെ കൂടെ ബൈക്ക് ട്രിപ്പിന് വരുന്നോ, എന്ന് വളരെ ആകസ്മികമായി എന്നോട് ചോദിക്കുകയായിരുന്നു.

‘അയ്യോ, ശരിക്കും!’ എന്ന ലൈനായിരുന്നു ഞാന്‍. പിന്നെന്താ ഞാന്‍ വരാം എന്ന് പറഞ്ഞു.

പക്ഷെ പിന്നെ എനിക്ക് സംശയമായി. പുള്ളി മര്യാദയുടെയും സ്‌നേഹത്തിന്റെയും പുറത്ത് വെറുതെ പറഞ്ഞതാണോ, എന്ന് സംശയിച്ചു. അടുത്ത ദിവസം ഇത് തിരിച്ച് ചോദിക്കാനും മടിയായി.

പുള്ളിക്കും ഷൂട്ടിങ്ങിന്റെ തിരക്കായിരുന്നു, അതുകൊണ്ട് ഒന്നും പറഞ്ഞില്ല. എനിക്കാണെങ്കില്‍ പേടിയായി ചോദിക്കാന്‍. ഇനി ചോദിച്ചാല്‍, ‘ദൈവമേ, അബദ്ധത്തില്‍ പറഞ്ഞുപോയി ഇത് വലിയ ശല്യമായല്ലോ’ എന്ന് പുള്ളിക്ക് തോന്നരുതല്ലോ.

പിന്നെ രണ്ട് ദിവസം ഞാനങ്ങനെ മടിച്ചുമടിച്ച് നിന്നു. മൂന്നാമത്തെ ദിവസം അദ്ദേഹം തന്നെ ഇങ്ങോട്ട് വന്നുപറഞ്ഞു, ‘ബൈക്ക്, റൈഡിങ് ഗിയര്‍, ഹെല്‍മെറ്റ്, ഷൂസ്, ഗ്ലൗസ് എല്ലാം റെഡിയാണ്. എല്ലാം ഓണ്‍ ദ വേ ആണ്, നമ്മള്‍ പോകുന്നു,’ എന്ന്. അയ്യോ, അപ്പൊ ശരിക്കും പറഞ്ഞതായിരുന്നല്ലേ എന്നായി ഞാന്‍.

അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല,” മഞ്ജു വാര്യര്‍ പറഞ്ഞു.

ജനുവരി 11നായിരുന്നു തുനിവ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വലിമൈക്ക് ശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രം മികച്ച കളക്ഷന്‍ നേടി സമ്മിശ്ര പ്രേക്ഷക പ്രതികരണത്തില്‍ പ്രദര്‍ശനം തുടരുകയാണ്.

മഞ്ജു വാര്യറുടെ ആക്ഷന് രംഗങ്ങള്‍ തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.

Content Highlight: Manju Warrier shares the road trip experience with Ajith