ജോലിക്ക് പോയാലും വീട്ടിലെ ഉത്തരവാദിത്തം തലയിലേറ്റേണ്ടിവരുന്ന സ്ത്രീകള്‍
Film News
ജോലിക്ക് പോയാലും വീട്ടിലെ ഉത്തരവാദിത്തം തലയിലേറ്റേണ്ടിവരുന്ന സ്ത്രീകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th December 2023, 3:47 pm

ഒത്തൊരുമയില്ലാതെ കലഹിക്കുന്ന അഞ്ചംഗ കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഫാലിമി. നിതീഷ് സഹദേവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനൂപ് എന്ന യുവാവിന്റേയും ഒത്തൊരുമയോ പരസ്പര സ്‌നേഹമോ ഇല്ലാത്ത അയാളുടെ കുടുംബത്തെ പറ്റിയുമാണ് ഫാലിമി പറയുന്നത്. കാശിയിലേക്ക് ഇടക്ക് ഒളിച്ചുപോകാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന അപ്പൂപ്പനും കുടുംബം നോക്കാത്ത അച്ഛനും യു.കെയില്‍ പോകാന്‍ ആഗ്രഹിക്കുന്ന അനിയനും തനിക്കൊപ്പം കുടുംബം നോക്കുന്ന അമ്മയുമാണ് അയാളുടെ കുടുംബാംഗങ്ങള്‍.

തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ഫാലിമിക്ക് ലഭിച്ചത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും റിലീസ് ചെയ്തിരിക്കുകയാണ് ഫാലിമി. ഒ.ടി.ടിയിലും റിലീസ് ചെയ്തതോടെ ഫാലിമി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതില്‍ ശ്രദ്ധ നേടുന്ന ഒരു കഥാപാത്രമാണ് മഞ്ജു പിള്ളൈ അവതരിപ്പിച്ച രമ എന്ന വീട്ടമ്മ.

ജോലിക്ക് പോകാതെ ഭര്‍ത്താവ് ഉഴപ്പിനടക്കുന്ന കുടുംബത്തില്‍ രമയും മകന്‍ അനൂപുമാണ് ചെലവുകള്‍ നടത്തുന്നത്. കലഹിക്കുന്ന അച്ഛനും മകനുമിടയില്‍ പെട്ടുപോകുന്ന, പലപ്പോഴും അത് അവസാനിപ്പിക്കാനായി ഇടപെടേണ്ടി വരുന്ന കഥാപാത്രമാണ് ഇവര്‍.

കുടുംബം പോറ്റാനായി ജോലിക്ക് പോകുന്നതിനൊപ്പം വീട്ടിലെ പണികള്‍ കൂടി രമയാണ് ചെയ്യുന്നത്. കുടുംബം പോറ്റുന്നു എന്ന കാരണമുണ്ടായിട്ട് പോലും ജോലിക്ക് പോകാത്ത ഭര്‍ത്താവിനെ പോലെ കസേരയില്‍ വെറുതെയിരുന്ന് ഉറങ്ങാനും റിലാക്സ് ചെയ്യാനുമുള്ള പ്രിവിലേജ് അവര്‍ക്കില്ല.

ഒരു രംഗത്തില്‍ ‘ഇവിടെ ഒന്നും ഉണ്ടാക്കിയില്ലേ’ എന്ന് മകന്‍ ദേഷ്യപ്പെടുന്നതും രമയോടെയാണ്. അമ്മായിഅച്ഛന്റെ മരുന്ന് കൃത്യമായി കൊടുക്കുന്നതും രമ തന്നെ. മിക്കവാറും രമയുടെ പ്രായത്തിലുള്ള ശരാശരി സ്ത്രീയുടെ അവസ്ഥയിണിത്. ജോലിക്ക് പോയാലും വീട്ടിലെ ഉത്തരവാദിത്തം തലയിലേറ്റേണ്ട ഗതികേടിലാണ് അവര്‍.

രമയായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ മഞ്ജു പിള്ള കാഴ്ച വെച്ചിരിക്കുന്നത്. കലഹിക്കുന്ന അച്ഛനും മകനുമിടയില്‍ കഷ്ടപ്പെടുന്ന, വേണ്ടിവന്നാല്‍ പൊട്ടിത്തെറിക്കുന്ന രമയെ മഞ്ജു മനോഹരമാക്കി. പ്രത്യേകിച്ചും ജഗദീഷ് അവതരിപ്പിച്ച ഭര്‍ത്താവിനൊപ്പമുള്ള രംഗങ്ങളിലെ അവരുടെ പ്രകടനം മികച്ചതായിരുന്നു. പരസ്പരം മനസിലാക്കാത്ത ഭാര്യഭര്‍ത്താക്കന്മാരെയാണ് അവതരിപ്പിച്ചതെങ്കിലും ദമ്പതികളായി ഇരുവരുടേയും കെമിസ്ട്രി സിനിമക്കൊരു മുതല്‍ക്കൂട്ടായിരുന്നു.

Content Highlight: Manju Pillai’s character and performance in falimy became a discussion in social media