Film News
മമ്മൂട്ടിയുടെ വിചാരം അദ്ദേഹമാണ് മലയാളത്തിന്റെ വല്യേട്ടനെന്നാണ്; നമ്മളെല്ലാം അനിയന്മാരും: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 23, 04:27 am
Tuesday, 23rd January 2024, 9:57 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മികച്ച പല സിനിമകളുടെയും നിര്‍മാതാവ് കൂടിയാണ് മണിയന്‍പിള്ള രാജു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബിഗ് ബി, രാജമാണിക്യം, കോബ്ര ഉള്‍പ്പെടെയുള്ള ധാരാളം സിനിമകളില്‍ മമ്മൂട്ടിക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി എന്ന് പറഞ്ഞാല്‍ എന്താണ് മനസില്‍ വരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മണിയന്‍പിള്ള രാജു.

മമ്മൂട്ടിയെ പോലെ അത്രയും ശുദ്ധനായ ഒരു മനുഷ്യന്‍ വേറെയില്ലെന്ന് പറയുന്ന താരം മമ്മൂട്ടിയുടെ ചിന്ത അദ്ദേഹം മലയാളത്തിന്റെ വല്യേട്ടനാണെന്നും മറ്റുള്ളവരെയെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരായാണ് കാണുന്നതെന്നും പറഞ്ഞു.

ആ സ്വാതന്ത്ര്യവും സ്‌നേഹവും മമ്മൂട്ടിക്ക് എല്ലാരോടുമുണ്ടെന്നും താന്‍ വലിയ സൂപ്പര്‍ സ്റ്റാറാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും ശുദ്ധനായ നല്ല ഒരു മനുഷ്യന്‍ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം അദ്ദേഹമാണ് മലയാളത്തിന്റെ വല്യേട്ടന്‍ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരാണ് എന്നാണ്.

ആ ഒരു സ്വാതന്ത്ര്യവും സ്‌നേഹവും അദ്ദേഹത്തിന് എല്ലാരോടുമുണ്ട്. അല്ലാതെ ഒന്നും അഭിനയിക്കില്ല. അതായത് ഞാന്‍ വലിയ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന ചിന്തയൊന്നും തന്നെ അദ്ദേഹത്തിന് ഇല്ല.

അദ്ദേഹത്തിന്റെ മുറിയില്‍ വാതിലില്‍ തട്ടാതെ കയറാന്‍ പറ്റുന്ന രണ്ടുപേര്‍ മാത്രമേയുള്ളൂ. ഒന്ന് ഞാന്‍ ആണെങ്കില്‍ മറ്റൊന്ന് കുഞ്ചനാണ്,’ മണിയന്‍പിള്ള രാജു പറയുന്നു.


Content Highlight: Maniyanpilla Raju Talks About Mammootty