Entertainment
തികഞ്ഞ ദാരിദ്ര്യത്തില്‍ നിന്നുണ്ടാക്കിയ ആ കൊച്ചു ചിത്രം കണ്ട് സുകുമാര്‍ അഴിക്കോട് പറഞ്ഞ കമന്റ് കേട്ട് അത്ഭുതപ്പെട്ടു: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 23, 10:05 am
Sunday, 23rd February 2025, 3:35 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

മണിയന്‍പിള്ള രാജു, സൈനുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇസ്മയില്‍ ഹസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സയാമീസ് ഇരട്ടകള്‍. 1997ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും സ്‌ട്രെസ് ബസ്റ്ററാണ്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരനും ചിന്തകനുമായ സുകുമാര്‍ അഴിക്കോട് സയാമീസ് ഇരട്ടകള്‍ കണ്ടിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

അദ്ദേഹത്തെപ്പോലെ ഒരാള്‍ ഈ സിനിമ കാണാനുള്ള കാരണം എന്താണെന്ന് താന്‍ ഒരുപാട് ആലോചിച്ചെന്നും ഇക്കാര്യം തന്നോട് പറഞ്ഞത് സത്യന്‍ അന്തിക്കാടായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ ഒരു വലിയ മിസ്റ്റേക്ക് അദ്ദേഹം സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ആ സിനിമയില്‍ തങ്ങളുടെ കുടുംബത്തിലെ നാല് പേരും നാല് സ്ലാങ്ങിലാണ് സംസാരിച്ചതെന്നും അതുപോലൊരു അത്ഭുത കുടുംബം കണ്ടിട്ടില്ലെന്നുമാണ് സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അപ്പോഴാണ് ആ മിസ്‌റ്റേക്ക് തനിക്കും മനസിലായെന്നും അത് തിരുത്താന്‍ ആരും തയ്യാറാകാത്തതുകൊണ്ടാണ് സിനിമയില്‍ അങ്ങനെ സംഭവിച്ചതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. തികഞ്ഞ ദാരിദ്ര്യത്തില്‍ എടുത്ത ചെറിയ സിനിമയായിരുന്നു അതെന്നും അതിന്റോതയ കുറവുകള്‍ സിനിമക്ക് ഉണ്ടായിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘സയാമീസ് ഇരട്ടകള്‍ എന്ന സിനിമ കണ്ടവരില്‍ ഒരാള്‍ സുകുമാര്‍ അഴിക്കോടായിരുന്നു. അദ്ദേഹത്തെപ്പോലെ വലിയ ബുദ്ധിജീവിയായിട്ടുള്ള ഒരാള്‍ ആ സിനിമയൊക്കെ കാണുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്. സത്യന്‍ അന്തിക്കാടിനെ വിളിച്ചിട്ടാണ് അദ്ദേഹം സിനിമയെപ്പറ്റി സംസാരിച്ചത്. ആ പടത്തില്‍ ആരും അധികം കണ്ടുപിടിക്കാത്ത മിസ്റ്റേക്ക് അദ്ദേഹം സത്യന്‍ അന്തിക്കാടിനോട് പറഞ്ഞു.

‘സയാമീസ് ഇരട്ടകള്‍ എന്ന സിനിമ കണ്ടു. അച്ഛനായി അഭിനയിച്ച നാരായണന്‍ നായര്‍ കോഴിക്കോട് ഭാഷ, അമ്മ മീന ഗണേഷ് ഷൊര്‍ണൂര്‍ ഭാഷ, ഇരട്ടകളില്‍ ഒരാള്‍ പക്കാ തിരുവനന്തപുരം ഭാഷ, മറ്റേയാള്‍ പക്കാ മട്ടാഞ്ചേരി ഭാഷ. ഇങ്ങനെ ഒരു അത്ഭുത കുടുംബം ഞാന്‍ എവിടെയും കണ്ടിട്ടില്ല’ എന്നായിരുന്നു അദ്ദേഹം സത്യന്‍ അന്തിക്കാടിനോട് പറഞ്ഞത്.

അപ്പോഴാണ് അക്കാര്യം എനിക്കും മനസിലായത്. ഷൂട്ടിന്റെ സമയത്ത് അത്രയും വലിയ മിസ്‌റ്റേക്ക് ആരും കണ്ടുപിടിച്ച് പറഞ്ഞില്ല. കാരണം, തികഞ്ഞ ദാരിദ്ര്യത്തില്‍ നിന്ന് ഉണ്ടാക്കിയ ചെറിയൊരു സിനിമയായിരുന്നു അത്. അപ്പോള്‍ അതിന്റേതായ ചെറിയ ചില കുറവുകള്‍ എന്തായാലും ഉണ്ടാകും,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla  Raju shares the comment of Sukumar Azhikkode after watching Siamese Irattakal movie