ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് മണിയന്‍പിള്ള രാജു. ഇതിനെല്ലാം പുറമെ മികച്ച പല സിനിമകളുടെയും നിര്‍മാതാവ് കൂടിയാണ് അദ്ദേഹം.
മലയാള സിനിമയിലെ പല അനശ്വര നടന്‍മാര്‍ക്കൊപ്പവും വെള്ളിത്തിരയിലെത്തിയ താരം കൂടിയാണ് അദ്ദേഹം. ഒരു ചിത്രത്തില്‍ ബഹദൂറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു.
തന്റേതല്ലാത്ത തെറ്റുകൊണ്ട് ബഹദൂര്‍ തന്നെ വഴക്ക് പറഞ്ഞുവെന്നും അതുകേട്ട് താന്‍ മാറിയിരുന്ന് കരഞ്ഞിട്ടുണ്ടെന്നും പറയുകയാണ് മണിയന്‍പിള്ള രാജു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാനും ബഹദൂറിക്കയും നടന്ന് പോവുകയാണ്. രണ്ട് പേരും ഒരേ ഡ്രസ്സാണിട്ടിരിക്കുന്നത്, വരയുള്ള ബനിയനാണ് ഇട്ടിരിക്കുന്നത്. അങ്ങനെ നടന്നു പോവുമ്പോഴേക്കും ഒരു പട്ടി ഒരു നെക്ലേസുമായി ഓടി എന്റെ അടുത്ത് വരും. അപ്പോള്‍ ഞാന്‍ പട്ടിയുടെ വായില്‍ നിന്ന് നെക്ലേസ് എടുത്ത് ‘നിനക്ക് ഇത് എവിടുന്ന് കിട്ടി, ദാ കണ്ടില്ലേ നെക്ലേസ്’ എന്ന് പറയുന്നതാണ് സീന്‍.
സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ ഈ പട്ടി വരണം. ആ സമയത്ത് ഈ പട്ടിയുടെ വായില്‍ നിന്ന് മാല എടുത്താല്‍ മാത്രമാണ് എനിക്ക് ഡയലോഗ് പറയാന്‍ പറ്റുകയുള്ളൂ.
ഡയറക്ടര്‍ സ്റ്റാര്‍ട്ട് ക്യാമറ, അക്ഷന്‍ പറഞ്ഞു. ബഹദൂറിക്ക എന്തോ ആക്ഷനൊക്കെ കാണിച്ച് നടക്കുന്നു, ഞാന്‍ നടന്നു വരികയാണ്. പക്ഷേ പട്ടി വരുന്നില്ല. എനിക്ക് ഡയലോഗ് പറയാനും പറ്റുന്നില്ല. അവസാനം പട്ടി അടുത്ത് വന്ന് ഞാന്‍ മാല കയ്യിലെടുത്തപ്പോഴേക്കും ഡയറക്ടര്‍ കട്ട് പറഞ്ഞു.
പെട്ടെന്ന് ബഹദൂറിക്ക എന്നോട് ‘ബാസ്റ്റഡ്, ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് പോലും നിനക്കില്ലേ. ഇതിനകത്ത് ഫിലിമല്ലേ ഓടുന്നത്’ എന്ന് ചോദിച്ചു. ഇതുകേട്ട് ഞാന്‍ പട്ടി വന്നില്ല എന്ന് മറുപടി നല്‍കി.
ഇതുകേട്ട് അവിടുന്ന് ‘ബഹദൂറേ മിണ്ടാതിരിക്ക്. ആ കുഞ്ഞിനെ ഒന്നും പറയണ്ട. അയാള്‍ കൃത്യമായി തന്നെയാണ് ചെയ്തത്. പട്ടി വരാതെ അയാള്‍ അതങ്ങനെ പറയും’ എന്ന് പറഞ്ഞു. ഇതെല്ലാം കേട്ട് ഞാന്‍ മാറിയിരുന്ന് കരഞ്ഞു,’ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.
Content highlight: Maniyanpilla Raju shares his experience while acting with Bahadur