മലയാളികള്‍ക്ക് എറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. ഹാസ്യതാരമായും നിര്‍മാതാവായും താരം മലയാളസിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ആദ്യമായി പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനായതിന്റെയും, മോഹന്‍ലാലിന് പകരം നായകവേഷം ചെയ്യേണ്ടി വന്നതിന്റെയും കഥ പറയുകയാണ് മണിയന്‍പിള്ള രാജു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കാലത്ത് പ്രിയന്‍-മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മാതാവ് ആനന്ദ്.
എനിക്കും അതില്‍ ഒരു വേഷമുണ്ട്. പക്ഷേ പ്രിയന്റേയും ആനന്ദേട്ടന്റേയും കണക്കുകൂട്ടലുകള്‍ തെറ്റി, മോഹന്‍ലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെ എന്നെ ആ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചു.
നര്‍മ്മസമ്പന്നമായ കഥ അതിനൊത്ത താരനിര. ശിവ സുബ്രഹ്മണ്യന്‍ എന്നാണ് എന്റെ നായക കഥാപാത്രത്തിന്റെ പേര്. ആദ്യമായി പ്രിയന്റെ സിനിമയില്‍ നായകനാകുന്ന സന്തോഷം എന്റെ ഉള്ളിലുമുണ്ട്,’ താരം പറയുന്നു.
എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ സിനിമ ക്യാന്‍സലായെന്നും അപ്പോള്‍ ആ നായകവേഷം ചെയ്യാന്‍ പ്രിയദര്‍ശന്‍ വീണ്ടും മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്നും താരം പറയുന്നു.
എന്നാല്‍ മോഹന്‍ലാല്‍ ആ വേഷം നിരസിക്കുകയും, അത് രാജുവിന് പറഞ്ഞുവെച്ച വേഷമല്ലേ, ഞാന്‍ അത് ചെയ്യുന്നത് ശരിയല്ല. ഈ ഒരു മാസം എനിക്ക് ജോലി ഇല്ല എന്നിരുന്നാലും ഞാന്‍ വെറുതെ ഇരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.
ഒരുപക്ഷേ മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ നായകവേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാന്‍ പറയുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മോഹന്‍ലാലിന് പകരം നായകനാവുകയും, മോഹന്‍ലാല്‍ ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കുകയും ചെയ്‌തെന്നും, അങ്ങനെ സംഭവിച്ച ചിത്രമാണ് ‘ധീം തരികിട തോം’ എന്നും മണിയന്‍പിള്ള രാജു പറയുന്നു.