Advertisement
Film News
ആ നടിയാണ് സിനിമയിലെ ബെസ്റ്റ് ഫ്രെണ്ട്, അവരോടുള്ള ആരാധന പ്രണയം പോലെയാണ്: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 15, 02:49 pm
Saturday, 15th April 2023, 8:19 pm

മഞ്ജു വാര്യര്‍ സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് എന്ന് പറയുകയാണ് മണിയന്‍പിള്ള രാജു. മഞ്ജു ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ സൈഡില്‍ പോയി നില്‍ക്കാറുണ്ടെന്നും അത് അവരുടെ മുഖത്ത് വരുന്ന എക്‌സ്‌പ്രെഷനുകള്‍ കാണാനാണെന്നും മണിയന്‍ പിള്ള പറഞ്ഞു.

താന്‍ നിര്‍മിച്ച കണ്ണെഴുതി പൊട്ടുംതൊട്ടും തൊട്ട് എന്ന സിനിമയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ തന്റെ സിനിമ ചെയ്തിട്ടേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞുവെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

‘സിനിമയിലെ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് മഞ്ജു. ചിലരെ നമ്മള്‍ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജു ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ക്യാമറയുടെ സൈഡില്‍ വന്ന് നോക്കും, മുഖത്ത് മിന്നി മായുന്ന എക്‌സ്‌പ്രെഷന്‍ കാണാന്‍. അതിഗംഭീര ആര്‍ട്ടിസ്റ്റാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിക്കുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലേക്ക് വിളിക്കുമ്പോള്‍ വിവാഹം രഹസ്യമായി നടത്താനുള്ള പരിപാടിയിലായിരുന്നു. രാജു ചേട്ടന്റെ സിനിമ ചെയ്യാതെ അങ്ങനെ ഒരു പരിപാടിക്ക് ഇല്ലെന്ന് പറഞ്ഞു. ഇതിന്റെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസമാണ് അവര്‍ വിവാഹം കഴിക്കാന്‍ പോയത്. അന്നുമുതലുള്ള ഫ്രണ്ട്ഷിപ്പാണ്,’ മണിയന്‍പിള്ള പറഞ്ഞു.

കൊറോണ പേപ്പോഴ്‌സാണ് ഒടുവില്‍ പുറത്ത് വന്ന മണിയന്‍പിള്ള രാജുവിന്റെ ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

മഹേഷും മാരുതിയുമാണ് മണിയന്‍പിള്ള രാജുവിന്റെ നിര്‍മാണത്തില്‍ ഒടുവിലെത്തിയ ചിത്രം. ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: maniyanpilla raju about manju warrier