Advertisement
Entertainment
ആ സംവിധായകനെ മോഹന്‍ലാലിന് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്, പക്ഷേ അയാളുടെ ഒരു സിനിമയിലും എന്നെ ഇതുവരെ വിളിച്ചിട്ടില്ല: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 31, 10:10 am
Friday, 31st May 2024, 3:40 pm

സംവിധായകന്‍ ജീത്തു ജോസഫുമായുള്ള ബന്ധം പങ്കുവെക്കുയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. പുതിയ ചിത്രമായ ‘ഗു’വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹലോ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്താണ് ജീത്തു ആദ്യമായി തന്നെ കാണാന്‍ വന്നതെന്നും അയാള്‍ പറഞ്ഞ കഥ തനിക്ക് ഇഷ്ടമായതുകൊണ്ട് മോഹന്‍ലാലിന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും രാജു പറഞ്ഞു.

എന്നാല്‍ ആ സമയത്ത് അയാള്‍ പറഞ്ഞ കഥ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റിയില്ലെന്നും പിന്നീട് അവര്‍ തമ്മില്‍ ഒരുപാട് സിനിമകള്‍ ചെയ്‌തെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിനെ പരിചയപ്പെടുത്തി കൊടുത്തു എന്ന കാരണം കൊണ്ട് ഇതുവരെ അയാളുടെ ഒരു സിനിമയിലേക്കും വിളിച്ചില്ലെന്നും, താനായിട്ട് ചാന്‍സ് ചോദിച്ച് ചെന്നിട്ടില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ഏതെങ്കിലുമൊരു സിനിമയില്‍ തനിക്ക് പറ്റിയ റോള്‍ ഉണ്ടെങ്കില്‍ ജിത്തു വിളിക്കുമെന്ന് ഉറപ്പാണെന്നും രാജു കൂട്ടിച്ചേര്‍ത്തു.

‘വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെയൊരു സുഹൃത്ത് എന്നെ വിളിച്ചിട്ട്, അയാളുടെ ഒരു കസിനെ മോഹന്‍ലാലിനെ പരിചയപ്പെടുത്തി കൊടുക്കാമോ എന്ന് ചോദിച്ചു. ഒരു കഥ ലാലിനോട് പറയാന്‍ വേണ്ടിയാണെന്ന് പറഞ്ഞു. അയാള്‍ എന്റെയടുത്ത് വന്ന് കഥ പറഞ്ഞു. ഒരു പൊലീസ് സ്റ്റോറിയായിരുന്നു അത്. എനിക്ക് കഥ ഇഷ്ടപ്പെട്ടു. ആ സമയത്ത് ഹലോയുടെ ഷൂട്ട് എറണാകുളത്ത് നടക്കുകയായിരുന്നു. ഞാന്‍ അയാളെയും കൂട്ടി ലാലിന്റെയടുത്തേക്ക് പോയി. ലാലിനോട് അയാള്‍ കഥ പറഞ്ഞു.

ലാലിനും കഥ ഇഷ്ടമായി. പക്ഷേ ഷാജി കൈലാസിന്റെ അടുത്ത പടത്തില്‍ ഒരു പൊലീസ് വേഷം ചെയ്യുന്നതുകൊണ്ട് ഇപ്പോള്‍ ആ കഥ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. അയാള്‍ പിന്നീട് ആ കഥ പൃഥ്വിയെ വെച്ച് ചെയ്തു. ലാലുമായി പിന്നീട് അയാള്‍ ഒരുപാട് സിനിമകള്‍ ചെയ്തു. ആ സംവിധായകനാണ് ജീത്തു ജോസഫ്. ലാലിന്റെ കൂടെ ദൃശ്യം, ദൃശ്യം 2, 12th മാന്‍, അങ്ങനെ കുറെ സിനിമകള്‍ ചെയ്തു. പക്ഷേ ആ സിനിമകളിലൊന്നും എന്നെ വിളിച്ചില്ല.

എനിക്ക് വേണമെങ്കില്‍ പറയാം, അയാള്‍ക്ക് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്, പക്ഷേ എന്നെ ഒരു സിനിമയിലും വിളിച്ചില്ല എന്ന്. എനിക്കതില്‍ യാതൊരു പരിഭവവുമില്ല. ഭാവിയില്‍ ജീത്തു ചെയ്യുന്ന ഏതെങ്കിലും സിനിമയില്‍ എനിക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ എന്നെ വിളിക്കുമായിരിക്കും,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju about Jeethu Joseph