Advertisement
Entertainment
തൊലിക്കട്ടി കൊണ്ടാണ് ജഗദീഷ് അന്ന് രക്ഷപ്പെട്ടത്‌: മണിയൻപിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 17, 09:29 am
Friday, 17th January 2025, 2:59 pm

പ്രിയദർശൻ – മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന് ഇന്നും വലിയ റിപീറ്റ്‌ വാല്യൂ ഉള്ള ചിത്രമാണ് വന്ദനം. മോഹൻലാൽ, മുകേഷ്, സുകുമാരി, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിലെ പ്രേക്ഷകർ ഇന്നും കണ്ട് ചിരിക്കുന്ന കോമഡി രംഗമാണ് മോഹൻലാലിനെ പിന്തുടരുന്ന ജഗദീഷിന്റെ സീൻ.

എന്നാൽ ആ സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ജഗദീഷിന്റെ സുരക്ഷയ്ക്കായി കെട്ടിയ കമ്പി പൊട്ടി അദ്ദേഹം താഴെവീണിരുന്നുവെന്ന് പറയുകയാണ് നടൻ മണിയൻപിള്ള രാജു. അന്ന് ടെക്‌നോളജിയെല്ലാം ഇത്ര വളരാത്തതിനാൽ പല സീനുകളും എടുക്കാൻ വലിയ പ്രയാസമായിരുന്നുവെന്നും താൻ അഭിനയിച്ച മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലും അത്തരം രംഗങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ കുതിരവട്ടം പപ്പു ചേട്ടനെ കൊല്ലാൻ നടക്കുന്ന കഥാപാത്രമാണ് എന്റേത്. വലിയ ഷാൻലിയാർ( ഒരു തരം ലൈറ്റ്) മുറിച്ച് പുള്ളിയുടെ തലയിലിടാനൊക്കെ ശ്രമിക്കുന്നുണ്ട്. ആർട്ട് ഡയറക്ടർ ഉണ്ടാക്കിയ ഷാൻലിയാറിന് തന്നെ ഏകദേശം 40 കിലോയോളം വരും. കാരണം വളരെ ഗംഭീരമായി ഒരു കൊട്ടാരത്തിനകത്തുള്ള പോലെ വേണം അതുണ്ടാക്കാൻ.

പപ്പുവേട്ടനും പേടി എനിക്കും പേടി. ഇന്നത്തെ കാലത്താണെങ്കിൽ എന്തെങ്കിലും ടെക്‌നോളജിയുടെ സഹായത്തോടെ നമുക്കത് ഷൂട്ട് ചെയ്യാം. കെട്ടാനുള്ള റോപ്പൊക്കെയുണ്ട്. അത് നമുക്ക് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്യാം. പക്ഷെ അന്നത്തെക്കാലത്ത് അങ്ങനെ മായിച്ചു കളയാൻ പറ്റില്ല. മോട്ടോർ സൈക്കിളിലൊക്കെയുള്ള ഒരു കമ്പിയിലാണ് അതൊക്കെ താങ്ങി നിർത്തുന്നത്. ആ ലൈറ്റ് എന്റെ തലയിൽ കൂടെയൊക്കെ വീഴുന്നുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും പേടിയായിരുന്നു.

കമ്പി എഡിറ്റ് ചെയ്ത് മാറ്റാൻ കഴിയാത്തതുകൊണ്ട് ഒരു ബ്ലാക്ക് ബാക്ക്ഗ്രൗണ്ട് വരുന്ന സ്ഥലത്താണ് അതെല്ലാം ഷൂട്ട് ചെയ്തത്. ഒരു കാറിന്റെ ബ്രേക്ക് മാറ്റി വെച്ചിട്ട് ഒരു സീനിൽ ഞാൻ തെറിച്ച് പോകുന്നുണ്ട്. എനിക്കാണെങ്കിൽ വലിയ പേടിയായിരുന്നു. അന്നൊക്കെ ജഗതി ചേട്ടൻ പറയുമായിരുന്നു, ഇവനൊക്കെ പേടിയാണ് ഞാൻ വേണമെങ്കിൽ ചെയ്യാമെന്നൊക്കെ.

വന്ദനം എന്ന സിനിമയിൽ ജഗദീഷിനെ ഒരു കമ്പിയിൽ കെട്ടിയിട്ട് ഷൂട്ട് ചെയ്യുന്നതിനിടയിൽ 20 അടി ഉയരത്തിൽ നിന്ന് കമ്പി പൊട്ടി ജഗദീഷ് താഴേക്ക് വീണിട്ടുണ്ട്. തൊലിക്കട്ടി ഉള്ളതുകൊണ്ടാണ് ജഗദീഷ് അന്ന് രക്ഷപ്പെട്ടത്‌,’മണിയൻപിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju About Comody Scene Of Jagadheesh