ന്യൂദല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ജയിലില്‍ അടക്കുകയാണെന്നും മനീഷ് സിസോദിയ പറഞ്ഞു.
മദ്യനയ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ എ.എ.പി ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വേച്ഛാധിപത്യത്തിനെതിരെ ഒന്നിച്ച് പോരാടിയാല്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 24 മണിക്കൂറിനുള്ളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്ന് മനീഷ് സിസോദിയ പറഞ്ഞു.
‘ഞങ്ങള്‍ വെറും രഥത്തിന്റെ കുതിരകളാണ്. എന്നാല്‍ ഞങ്ങളുടെ യഥാര്‍ത്ഥ ‘സാരഥി’ ജയിലിലാണ്. സത്യസന്ധതയുടെ പ്രതീകമാണ് കെജ്‌രിവാൾ. ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്,’ എന്നും മനീഷ് സിസോദിയ ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് വാദിക്കുന്ന ബി.ജെ.പിക്ക്, ഭരണം കൈയിലുള്ള ഒരു സംസ്ഥാനത്ത് പോലും ചെയ്യുന്നതെല്ലാം സത്യസന്ധമായ പ്രവര്‍ത്തനമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍കിട വ്യവസായികളെ കള്ളക്കേസുകളില്‍ കുരുക്കിലാക്കുന്നത് കണ്ട് തന്റെ ഹൃദയം വേദനിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് സിസോദിയ പറഞ്ഞു.
താനുള്‍പ്പെടയുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികളെയും മയക്കുമരുന്ന് കച്ചവടക്കാരെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവോ സമാനമായ രീതിയില്‍ തങ്ങളുടെ മേല്‍ കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിച്ചുവെന്നും മനീഷ് സിസോദിയ ചൂണ്ടിക്കാട്ടി. അതേസമയം ബി.ജെ.പിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ വ്യവസായികള്‍ തടവിലാക്കപ്പെടുന്നുണ്ടെന്നും അതില്‍ വിഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം ലഭിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ സിസോദിയ, സുപ്രീം കോടതി വിധിയെ പ്രശംസിച്ചു. ഭരണഘടനയേക്കാള്‍ ഒരാളും ശക്തരല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജയില്‍ മോചിതനായതിലൂടെ സത്യം വിജയിച്ചെന്നും സിസോദിയ വ്യക്തമാക്കി.
ദല്‍ഹി മദ്യനയ കേസില്‍ 17 മാസത്തെ ജയില്‍വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍ മോചിതനായത്. 2023 ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Content Highlight: Manish Sisodia says Kejriwal will be released within 24 hours if we fight tyranny together