ഇംഫാല്‍: സംഘര്‍ഷ ബാധിതമായ മണിപ്പൂരില്‍ ഇന്ന് ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വിവിധ ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കന്‍ ഗ്രാമത്തിലാണ് രണ്ടു വിഭാഗങ്ങളും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്.
മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ സി.ബി.ഐ ഇന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു.
ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ഒരു മാസത്തിനിപ്പുറവും പൊലീസ് ആസ്ഥാനങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങളുടെ 82 ശതമാനവും തിരിച്ചെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ അക്രമികളോട് ആയുധം താഴെ വെച്ച് കീഴടങ്ങാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അല്ലാത്തവര്‍ക്കെതിരെ സൈനിക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ഇതുവരെയും 18 ശതമാനം ആയുധങ്ങളാണ് തിരിച്ചെത്തിയത്.
മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.
ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്നഗോത്ര ഇതര വിഭാഗമാണ് മെയ്തികള്‍. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.