ഹാലണ്ടിന് ഇനി രാജാവിനെപ്പോലെ വിലസാനാകില്ല; റെക്കോഡ് തുകക്ക് ഇതിഹാസത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുന്നു
Football
ഹാലണ്ടിന് ഇനി രാജാവിനെപ്പോലെ വിലസാനാകില്ല; റെക്കോഡ് തുകക്ക് ഇതിഹാസത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th March 2023, 10:00 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ എലിമിനേഷന് ശേഷം പി.എസ്.ജിയില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പാരീസ് ക്ലബ്ബുമായി താരം കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനകം നിരവധി ക്ലബ്ബുകള്‍ മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

സൗദി അറേബ്യന്‍ ക്ലബ്ബുകളും എം.എല്‍.എസും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയേല്‍ റയോലോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മോണ്ടേ കാര്‍ലോ റേഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 മില്യണ്‍ യൂറോക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ സ്വന്തമാക്കുന്നത്.

അതേസമയം, ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു താരത്തിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും ക്ലബ്ബ് ഫുട്ബോളില്‍ മെസിയുടെ ഭാവി എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlights: Manchester city wants to sign with Lionel Messi