പൂനെ: കൊവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നും പൂനെയില്‍ എത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 വയസുകാരനായ ഇയാള്‍ മുംബൈ വഴിയാണ് പൂനെയില്‍ എത്തിയത്.
ഒമിക്രോണ്‍ വകഭേദമാണോ എന്ന് പരിശോധിക്കുന്നതിനായി ഇദ്ദേഹത്തിന്റെ ശ്രവസാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും.
കൊവിഡ് പോസിറ്റീവായതിന് ശേഷം ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച ടാക്‌സി കണ്ടെത്തി ഡ്രൈവറെ പരിശോധിച്ചെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്.
11 ദിവസം മുമ്പാണ് ഇയാള്‍ പൂനെയില്‍ എത്തിയതെന്ന് പൂനെ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ് വാവരെ അറിയിച്ചു. നവംബര്‍ 11 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായി മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന ശേഷം പൂനെയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൂനെ ഹെല്‍ത്ത് അതോറിറ്റി.