ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു; ഫസ്റ്റ് ലുക്ക് പുറത്ത്
Movie Day
ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു; ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 12:43 pm

തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ മമ്മൂട്ടി. രാഹുല്‍ സദാശിവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ചിത്രമായ ഭ്രമയുഗത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.

വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുല്‍ സദാശിവന്‍.

മമ്മൂക്കയെ സംവിധാനം ചെയ്യുക എന്നത് തന്റെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നെന്നും അത് സാധ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രാഹുല്‍ പറഞ്ഞു.

‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിര്‍മ്മാതാക്കളുടെ പിന്തുണ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകര്‍ക്ക് നല്‍കുന്ന വലിയൊരു വിരുന്നായിരിക്കും ഈ ചിത്രമെന്ന് പ്രതീക്ഷിക്കുന്നു,’ രാഹുല്‍ പറഞ്ഞു.

‘ഞങ്ങളുടെ ആദ്യ നിര്‍മാണത്തില്‍ ഇതിഹാസതാരം മമ്മൂക്ക വരുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല,’ നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും പറഞ്ഞു.

കൊച്ചിയും ഒറ്റപ്പാലവുമാണ് ഭ്രമയുഗത്തിന്റെ പ്രധാന ലൊക്കേഷന്‍സ്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്: മെല്‍വി ജെ.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. പി.ആര്‍.ഒ: ശബരി.

Content Highlight: Mammoottys Next Movie Bramayum Shooting starts