World News
ഇറാന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ കാലാവധി നീട്ടി ലെബനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 17, 04:26 pm
Monday, 17th February 2025, 9:56 pm

ബെയ്റൂട്ട്: ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള തീരുമാനത്തിന്റെ കാലാവധി നീട്ടി ലെബനന്‍. പ്രസിഡന്റ് ജോസഫ് ഔനാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല.

അടുത്തിടെ ലെബനന്‍ സായുധ സംഘടനായ ഹിസ്ബുല്ലക്ക് ആയുധം കൈമാറാന്‍ ഇറാന്‍ സിവിലിയന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ലെബനന്‍ നിര്‍ത്തിവെക്കുകയായിരുന്നു.

തുടര്‍ന്ന് ലെബനന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. പ്രതിഷേധത്തിനിടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

ആക്രമണത്തില്‍, സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദൗത്യം പൂര്‍ത്തിയാക്കി നേപ്പാളിലേക്ക് മടങ്ങുകയായിരുന്ന ഡെപ്യൂട്ടി ഫോഴ്‌സ് കമാന്‍ഡര്‍ ചോക് ബഹാദൂര്‍ ധക്കലിനാണ് പരിക്കേറ്റത്.

ഇറാനിയന്‍ വിമാന സര്‍വീസുകള്‍ തടഞ്ഞ തീരുമാനത്തിനെതിരെ ഹിസ്ബുല്ല അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

ഇതിനുപിന്നാലെ ലെബനീസ് ആര്‍മി ഇന്റലിജന്‍സ് 25 ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. ലെബനന്‍ ആഭ്യന്തരമന്ത്രി അഹമ്മദ് അല്‍ ഹജ്ജാരും ഹിസ്ബുല്ല നേതാക്കളും ആക്രമണത്തെ അപലപിക്കുകയും ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആരോപണം ലെബനന്‍ ഉദ്യോഗസ്ഥരും ഹിസ്ബുല്ലയും നിഷേധിച്ചിട്ടുണ്ട്. യു.എന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തെ ലെബനന്‍ പ്രസിഡന്റ് അപലപിച്ചു.

പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ലെബനന്‍ വിലക്ക് നീട്ടിയതോടെ ബെയ്‌റൂട്ടില്‍ തങ്ങളുടെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി ലഭിക്കുന്നതുവരെ ലെബനന്‍ വിമാനങ്ങളും വിലക്ക് നേരിടുമെന്ന് ഇറാന്‍ അറിയിച്ചു.

നിലവില്‍ ലെബനനില്‍ പ്രതിഷേധം തുടരുകയാണ്. ഇസ്രഈലിന്റെ അനധികൃതമായ ഇടപെടല്‍, ദേശീയ പരമാധികാരത്തിന്റെ ലംഘനം എന്നിവയില്‍ പ്രതിഷേധിച്ച് വിമാനത്താവളത്തിന് സമീപം ബഹുജന കുത്തിയിരിപ്പ് സമരം നടക്കുന്നുണ്ട്. സമരത്തില്‍ കൂടുതല്‍ പൗരന്മാര്‍ പങ്കുചേരണമെന്ന് ഹിസ്ബുല്ല നേരത്തെ ആഹ്വനം ചെയ്തിരുന്നു.

എന്നാല്‍ സമരക്കാരെ പിരിച്ചുവിടാന്‍ ലെബനന്‍ സര്‍ക്കാര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഹിസ്ബുല്ല അനുകൂലികള്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് എറിയുകയും ചെയ്തിരുന്നു.

Content Highlight: Lebanon extends suspension of flights from and to Iran, Lebanese presidency says