WPL
കൊടുങ്കാറ്റായി മന്ഥാന, കപ്പുയര്‍ത്തിയ ഫൈനല്‍ വീണ്ടും ആവര്‍ത്തിച്ച് ആര്‍.സി.ബി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 17, 05:16 pm
Monday, 17th February 2025, 10:46 pm

വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം. വഡോദര അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്‍.സി.ബി വിജയിച്ചുകയറിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ വെടിക്കെട്ടിന്റെ കരുത്തിലാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ക്യാപ്റ്റന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 19.3 ഓവറില്‍ 141 റണ്‍സാണ് ക്യാപ്പിറ്റല്‍സിന് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരങ്ങളായ രേണുക സിങ്ങിന്റെയും ജോര്‍ജിയ വെര്‍ഹാമിന്റെയും ബൗളിങ് കരുത്തിലാണ് ആര്‍.സി.ബി ക്യാപ്പിറ്റല്‍സിനെ പുറത്താക്കിയത്.

22 പന്തില്‍ 34 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍. 19 പന്തില്‍ 23 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസും സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റേതായ സംഭാവന നല്‍കി.

അന്നബെല്‍ സതര്‍ലാന്‍ഡ് (13 പന്തില്‍ 19), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (19 പന്തില്‍ 17), ശിഖ പാണ്ഡേ (15 പന്തില്‍ 14) എന്നിവരാണ് ക്യാപ്പിറ്റല്‍സ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

റോയല്‍ ചലഞ്ചേഴ്‌സിനായി രേണുക സിങ്ങും ജോര്‍ജിയ വെര്‍ഹാമും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി കിം ഗാര്‍ത്തും ഏക്ത ബിഷ്തും ക്യാപ്പിറ്റല്‍സിന്റെ പതനം പൂര്‍ത്തിയാക്കി.

142 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മുമ്പില്‍ ദല്‍ഹി ബൗളര്‍മാര്‍ കളി മറന്നു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും ഡാനി വയറ്റും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പത്ത് ഓവറില്‍ തന്നെ ടീം സ്‌കോര്‍ നൂറ് കടന്നിരുന്നു.

ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ വയറ്റിനെ പുറത്താക്കി അരുന്ധതി റെഡ്ഡി കൂട്ടുകെട്ട് തകര്‍ത്തു. 33 പന്തില്‍ 42 റണ്‍സ് നേടി നില്‍ക്കവെയാണ് വയറ്റ് പുറത്താകുന്നത്.

പാര്‍ട്ണര്‍ഷിപ്പ് തകര്‍ക്കാന്‍ ക്യാപ്പിറ്റല്‍സിനായെങ്കിലും വണ്‍ ഡൗണായെത്തിയ എല്ലിസ് പെറിയെ ഒപ്പം കൂട്ടി മന്ഥാന ടീമിനെ വിജയത്തിലേക്ക് നയിച്ചു.

വിജയത്തിന് തൊട്ടടുതെത്തി നില്‍ക്കവെ മന്ഥാനയുടെ വിക്കറ്റും ആര്‍.സി.ബിക്ക് നഷ്ടമായി. 47 പന്തില്‍ 81 റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങുന്നത്. 172.34 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ പത്ത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.

പെറി 13 പന്തില്‍ ഏഴ് റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ പുറത്താകാതെ 11 റണ്‍സുമായി റിച്ച ഘോഷ് ആര്‍.സി.ബിയുടെ വിജയം വേഗത്തിലാക്കി.

വനിതാ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു വഡോദരയില്‍ കണ്ടത്. കഴിഞ്ഞ സീസണില്‍ ബൗളര്‍മാര്‍ ക്യാപ്പിറ്റല്‍സിനെ ഓള്‍ ഔട്ടാക്കുകയും പിന്നാലെയെത്തിയ ബാറ്റര്‍മാര്‍ ആര്‍.സി.ബിയെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

എന്നാല്‍, കഴിഞ്ഞ ഫൈനലിനേക്കാള്‍ ആധികാരിക വിജയമാണ് ടീം ഇത്തവണ സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ്. രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.

ഫെബ്രുവരി 21നാണ് ടീമിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

 

Content Highlight: WPL 2025: Royal Challengers Bengaluru defeated Delhi Capitals