ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാടിന് പിന്നാലെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതും കറാച്ചി നാഷണല്‍ സ്‌റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ പതാക ഉയര്‍ത്താത്തതുമടക്കം നിരവധി വിവാദങ്ങളും ഈ മത്സരത്തിനായുള്ള ഹൈപ്പ് വര്‍ധിപ്പിക്കുന്നു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് തലവേദനയാകാന്‍ സാധ്യതയുള്ള താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന് ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയുണ്ടെന്നും രോഹിത്തിന്റെയും സംഘത്തിന്റെയും കയ്യില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ താരത്തിന് സാധിക്കുമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹര്‍ഭജന്‍ ഇക്കാര്യം പറയുന്നത്.
‘ഇന്ത്യയും പാകിസ്ഥാനും. അതെ നിങ്ങള്‍ കേട്ടത് ശരിയാണ്, ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓവര്‍ ഹൈപ്പ്ഡ് മാച്ച് മാത്രമാണ്. കാരണം ഇതില്‍ ഒന്നുതന്നെയില്ല എന്നതുതന്നെ.
നിങ്ങള്‍ അവരുടെ പ്രധാന ബാറ്റര്‍മാരെ നോക്കൂ. അവരുടെ സൂപ്പര്‍ താരം ബാബര്‍ അസമാണ്. ഇന്ത്യക്കെതിരെ അദ്ദേഹത്തിന്റെ ശരാശരി 31 മാത്രമാണ്. നിങ്ങള്‍ ഒരു ടോപ് ബാറ്റര്‍ ആണെങ്കില്‍ 50ല്‍ കൂടുതല്‍ ശരാശരിയുണ്ടായിരിക്കണം.
അടുത്തത് റിസ്വാനാണ്. പ്ലെയര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അവന്‍ ഫ്രീയായി കളിക്കുന്ന താരമാണ്. എന്നാല്‍ ഇന്ത്യക്കെതിരെ അവന് 25 എന്ന ബാറ്റിങ് ശരാശരി മാത്രമാണുള്ളത്.
ഫഖര്‍ സമാന്‍, അവരുടെ ആകെയുള്ള ഫുള്‍ ടൈം ഓപ്പണര്‍, അദ്ദേഹത്തിന് 46 എന്ന ശരാശരിയുണ്ട്. അതൊരു മികച്ച ശരാശരി തന്നെയാണ്. അവന് ഇന്ത്യയില്‍ നിന്നും മത്സരം തട്ടിയെടുക്കാന്‍ സാധിച്ചേക്കും.
ഫഹീം അഷ്‌റഫിന് 12.5 മാത്രം ശരാശരിയാണുള്ളത്. അവന്‍ വലിയ ഭീഷണിയാകുമെന്ന് എനിക്ക് തോന്നുന്നില്ല. സൗദ് ഷക്കീലിനാകട്ടെ ഇന്ത്യക്കെതിരെ എട്ട് എന്ന ശരാശരിയാണുള്ളത്. അവരുടെ ബാറ്റിങ് ലൈന്‍ അപ് പരിശോധിക്കുമ്പോള്‍ ഈ ടീമിനെ ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.
പാകിസ്ഥാനായി കരിയറില്‍ 84 ഇന്നിങ്‌സുകളിലാണ് ഫഖര്‍ സമാന്‍ ബാറ്റെടുത്തിട്ടുള്ളത്. 46.50 ശരാശരിയില്‍ 3,627 റണ്‍സാണ് താരം സ്വന്തമാക്കിയത്.
11 സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും നേടിയ ഫഖര്‍ സമാന്റെ ഉയര്‍ന്ന സ്‌കോര്‍ 2018ല്‍ സിംബാബ്‌വേക്കെതിരെ പുറത്താകാതെ നേടിയ 210 റണ്‍സാണ്.
ഇന്ത്യക്കെതിരെ അഞ്ച് ഏകദിനങ്ങളിലാണ് ഫഖര്‍ സമാന്‍ കളിച്ചത്. 46.8 ശരാശരിയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 284 റണ്‍സാണ് താരം സ്വന്തമാക്കിയത്.
2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായപ്പോള്‍ 114 റണ്‍സുമായി പാകിസ്ഥാന്റെ ടോപ് സ്‌കോററായതും കളിയിലെ താരമായതും ഫഖര്‍ സമാന്‍ തന്നെയായിരുന്നു.
Content Highlight: ICC Champions Trophy: Harbhajan Singh said that Fakhar Zaman will be a threat to India