ശെ... അതൊന്നും പറയല്ലേ, അവരുടെ ചൂണ്ടയില്‍ കയറി കൊത്താന്‍ നില്‍ക്കല്ലേ; അഭിമുഖത്തിനിടെ ഗ്രേസ് ആന്റണിയോട് മമ്മൂട്ടി
Entertainment
ശെ... അതൊന്നും പറയല്ലേ, അവരുടെ ചൂണ്ടയില്‍ കയറി കൊത്താന്‍ നില്‍ക്കല്ലേ; അഭിമുഖത്തിനിടെ ഗ്രേസ് ആന്റണിയോട് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th October 2022, 5:17 pm

റോഷാക്കില്‍ ഏറെ ശ്രദ്ധ നേടിയതാണ് മമ്മൂട്ടിയും ഗ്രേസ് ആന്റണിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍. ലൂക്ക് ആന്റണിയും സുജാതയുമായി ഇരുവരും ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്.

ചിത്രത്തില്‍ ലൂക്ക് ആന്റണിയോട് ‘എന്താണ് നിങ്ങളുടെ ഉള്ളില്‍’ എന്ന് സുജാത ദേഷ്യപ്പെട്ട് ചോദിക്കുന്ന ഭാഗം ഗ്രേസിന്റെ പെര്‍ഫോമന്‍സിലെ മികച്ച നിമിഷങ്ങളായിരുന്നു. ഈ സീനിലെ ഡയലോഗ് വരുന്ന ഭാഗം ട്രെയ്‌ലറിലുമുണ്ടായിരുന്നു.

ഇപ്പോള്‍ സിനിമയുടെ റിലീസിന് മുമ്പുള്ള ഒരു പ്രൊമോഷന്‍ അഭിമുഖത്തില്‍ ഈ ഭാഗത്തെ കുറിച്ച് ചോദിക്കുന്നതും, അതിന് ഗ്രേസ് മറുപടി പറയുമ്പോള്‍ മമ്മൂട്ടി തടയുന്ന രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം.

ട്രെയ്‌ലറില്‍ കാണുന്ന ഡയലോഗ് ഗ്രേസിന്റെ കഥാപാത്രം ശരിക്കും ആരോടാണ് പറയുന്നതെന്നായിരുന്നു അവതാരക ചോദിച്ചത്. ഇത് കേട്ട് കേള്‍ക്കാത്ത ഭാവത്തിലായിരുന്നു മമ്മൂട്ടിയുടെ ഇരിപ്പ്.

ഇതു കണ്ട ഗ്രേസ് ഡൈനിങ് ടേബിളിലെ ഭാഗത്തെ കുറിച്ചാണ് ചോദിക്കുന്നതെന്ന് മമ്മൂട്ടിയോട് പറയാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി ഉടന്‍ തന്നെ ‘ശേ അതൊന്നും പറയല്ലേ’ എന്ന് പറഞ്ഞു.

ആ സമയത്തുള്ള മമ്മൂട്ടിയുടെ എക്‌സ്പ്രഷനാണ് ചുറ്റുമുള്ളവരെയും വീഡിയോ കാണുന്നവരെയുമൊക്കെ ചിരിപ്പിക്കുന്നത്. ഇതിന് പിന്നാലെ കഥ പറഞ്ഞു കൊടുക്കരുതെന്ന് റോഷാക്ക് ടീമിലെ മറ്റുള്ളവരും ഗ്രേസിനോട് പറഞ്ഞു.

‘ഇതൊക്കെ അവര്‍ ചൂണ്ടയിടുകയല്ലേ, അപ്പോ അതില്‍ കേറി കൊത്താവോ, എല്ലാം ഇട്ട് കൊടുക്കാവോ,’ എന്നും മമ്മൂട്ടി ഗ്രേസിനോട് ചിരിച്ചുകൊണ്ട് ചോദിച്ചു.

ഇതിന് പിന്നാലെ ‘നിങ്ങളെന്താ കഴിച്ചത്, ആ ബോക്‌സിനുള്ളില്‍ കുഴിമന്തിയാണോ അതോ അല്‍ഫാമോ എന്നാണ് ഞാന്‍ ചോദിച്ചത്’ എന്ന് ഗ്രേസ് പറഞ്ഞു. റോഷാക്കിലെ മറ്റ് അഭിനേതാക്കളും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളുമായി രംഗം കളറാക്കി. ആ ഡയലോഗ് ആരോടെങ്കിലുമൊക്കെ ചോദിച്ചിട്ടുണ്ടാകും എന്നായിരുന്നു മമ്മൂട്ടിയുടെ അവസാന കമന്റ്.

അതേസമയം രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ് റോഷാക്ക്. സാധാരണ സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ പാതയില്‍ നിന്നും വ്യത്യസ്തമായ കഥയും തിരക്കഥയുമായിരുന്നു റോഷാക്കിലേത്.

സസ്‌പെന്‍സും കാരണങ്ങളും ഫ്‌ളാഷ് ബാക്കുമെല്ലാം അവസാനം വെളിപ്പെടുത്തുന്ന രീതിയില്‍ നിന്നും മാറി കഥാപാത്രങ്ങളുടെ ആക്ഷനുകളിലൂടെ മുന്നോട്ടുനീങ്ങുന്ന രീതിയായിരുന്നു ചിത്രം സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ പുതുമ നിറഞ്ഞ ഒരു ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: Mammootty stops Grace Antony from spilling beans on Rorschach in a pre release promotion interview