മലയാളത്തിന്റെ എവര്‍ഗ്രീന്‍ സ്‌റ്റൈലിഷ് ആക്ടറായ മമ്മൂട്ടിയുടെ ഓരോ ലുക്കും തരംഗമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടുന്ന മറ്റൊരു നടനുണ്ടാകില്ല.
പ്രായം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞ് എന്ന് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കാറുണ്ട്. കാലത്തിനൊപ്പം ഏറ്റവും അപ്‌ഡേറ്റാകുന്ന നടനെന്ന വിശേഷണവും അദ്ദേഹത്തിന് ചാര്‍ത്തിനല്‍കപ്പെടാറുണ്ട്.
എന്നാല്‍ പുതിയവ സ്വന്തമാക്കുന്നതില്‍ മാത്രമല്ല, വസ്ത്രങ്ങളടക്കം പഴയ പല വസ്തുക്കളും സൂക്ഷിച്ചുവെക്കുകയും ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
റോഷാക്ക് എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വ്യത്യസ്തമായ കളക്ഷനുകളെ കുറിച്ച് അദ്ദേഹവും നടന്‍ സഞ്ജു ശിവരാമനും സംസാരിച്ചത്.
മമ്മൂട്ടിക്ക് വലിയ കാര്‍ കളക്ഷനുണ്ടല്ലോയെന്ന് അവതാരകന്‍ ചോദ്യച്ചിരുന്നു. ഇതിന് മറുപടിയായി, പഴയ കാര്‍ വിറ്റ് പുതിയത് വാങ്ങുകയാണെന്നും അല്ലാതെ കളക്ഷനൊന്നുമില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ മറ്റൊരു കളക്ഷനെ കുറിച്ച് സഞ്ജു സംസാരിച്ചത്. ‘കാറിന്റെയല്ലെങ്കിലും മറ്റൊരു കളക്ഷന്‍ മമ്മൂട്ടിക്കുണ്ട്. മുഹമ്മദ് അലിക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണിച്ചുകൊടുത്തിട്ട് ഇത് എപ്പോള്‍ എടുത്തതാണെന്ന് ചോദിക്കുകയായിരുന്നു ഞാന്‍. 1993യിലുള്ള ഫോട്ടോയായിരുന്നു അത്. ആ ഫോട്ടോയില്‍ കാണുന്ന ഷര്‍ട്ട് ഞാന്‍ ഇക്കഴിഞ്ഞ മാസം കൂടി ഇട്ടിരുന്നുവെന്ന് അപ്പോള്‍ മമ്മൂക്ക പറഞ്ഞു.
അപ്പോള്‍ ചോദിച്ചപ്പോഴാണ് അന്ന് ഉപയോഗിച്ചിരുന്ന കണ്ണാടിയും മമ്മൂക്കയുടെ കയ്യിലുണ്ടെന്ന് അറിയുന്നത്. ലാലേട്ടന്റെ കല്യാണത്തിന്റെ ആ വൈറല്‍ കണ്ണാടി ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ട്,’ സഞ്ജു പറഞ്ഞു.
ഇതിന് പിന്നാലെ അന്ന് താന്‍ ധരിച്ചിരുന്ന കണ്ണടയാണ് ബറോസിന്റെ പൂജക്ക് വെച്ചിരുന്നതെന്ന് മമ്മൂട്ടിയും പറഞ്ഞു.
മോഹന്‍ലാലിന്റെ കല്യാണത്തിന് ജുബ്ബയും മുണ്ടും കൂളിങ് ഗ്ലാസും വെച്ചെത്തിയ മമ്മൂട്ടിയുടെ ലുക്ക് ഈയടുത്ത് ഏറെ വൈറലായിരുന്നു. 1988ല്‍ നടന്ന ആ കല്യാണത്തിന്റെ വീഡിയോയിലെ ചില ഭാഗങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ആഘോഷിച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജക്ക് വെള്ള ജുബ്ബയും മുണ്ടും കണ്ണാടിയും അല്‍പം നീട്ടി വളര്‍ത്തിയ മുടിയുമായെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകള്‍ അന്ന് തരംഗമായിരുന്നു. അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയുടെ ലുക്കിലായിരുന്നു അന്ന് മമ്മൂട്ടി എത്തിയിരുന്നത്.
Content Highlight: Mammootty says the shades he wore on Barroz’s pooja is the same one from Mohanlal’s wedding