സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെത്തിയ മമ്മൂട്ടി പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്‌ഡേറ്റ് ലഭിച്ച സന്തോഷത്തിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ചിത്രത്തിന്റെ ശക്തമായ പ്രമേയത്തെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസാണ് ഛായാഗ്രാഹകന്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്.
റോഷാക്കും നന്‍പകന്‍ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ കാതലും കണ്ണൂര്‍ സ്‌ക്വാഡും ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായൊരുങ്ങുകയാണ്.