ചെന്നൈ: ന്യൂസ് 18 തമിഴ് മഗുഡം പുരസ്‌ക്കാരം വിതരണം ചെയ്തു. പേരന്‍പിലെ അഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഉലകനായകന്‍ കമല്‍ഹാസനാണ് പുരസ്‌കാരം വിതരണം ചെയതത്.
പേരന്‍പ് സംവിധാനം ചെയ്ത റാം ആണ് മികച്ച സംവിധായകന്‍. കനാ സിനിമയിലെ അഭിനയത്തിന് ഐശ്വര്യ രാജേഷാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് അര്‍ഹയായത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് പേരന്‍പ് എന്ന ചിത്രത്തിന്റെ പ്രമേയം. അമുദന്‍ എന്ന ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്.
സാധനയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി പ്രത്യക്ഷപ്പെടുന്നത്. പി.എല്‍ തേനപ്പന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സമുദ്രക്കനി അഞ്ജലി, അഞ്ജലി അമീര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നടന്ന വേള്‍ഡ് പ്രീമിയറിലും ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ശിവകാര്‍ത്തികേയന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു കനാ. ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റ് താരമായി വളര്‍ന്നുവരുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.