കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് അഥിതി തൊഴിലാളുകളുമായുള്ള ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. അധികൃതരെല്ലാം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
‘ജില്ലാ ഭരണകൂടങ്ങളെല്ലാം ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനറങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ശ്രമിക് ട്രെയിനില്‍ എത്തുന്നവരെക്കൂടി സ്വീകരിക്കാനോ സൗകര്യങ്ങള്‍ ഒരുക്കാനോ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മെയ് 26 വരെ പശ്ചിമ ബംഗാളിലേക്ക് ശ്രമിക് ട്രെയിനുകള്‍ അയക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്’, മമത പി.ടി.ഐയോട് പറഞ്ഞു.
ട്രെയിനുകള്‍ സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി റെയില്‍വെയ്ക്ക് കത്ത് നല്‍കി. ശ്രമിക് ട്രെയിനുകള്‍ കൊണ്ടുവരുന്നില്ല എന്നതില്‍ ബംഗാള്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് ആവശ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.