കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി റാലിയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനും വിലങ്ങുതടിയായി മമതാ ബാനര്‍ജി. ജനുവരി 22 ന് മാല്‍ഡ ജില്ലയില്‍ നടക്കുന്ന റാലിയ്ക്കായി എത്തുന്ന അമിത് ഷായുടെ ഹെലികോപ്ടറിന്റെ ലാന്‍ഡിംഗിനാണ് ഏറ്റവും ഒടുവില്‍ മമതാ അനുമതി നിഷേധിച്ചത്.
മാല്‍ഡ എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഹെലികോപ്ടര്‍ ലാന്‍ഡിംഗിന് അനുമതി നിഷേധിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മമതാ സര്‍ക്കാര്‍ രാഷ്ട്രീയവൈര്യം മൂലം മനപ്പൂര്‍വ്വം അനുമതി നിഷേധിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കളുടെ പക്ഷം.
ALSO READ: ബി.ജെ.പി യില്‍ വിയോജിപ്പ്: സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു എന്ന് മുരളീധര പക്ഷം
“മാല്‍ഡ ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയില്‍ മെറ്റലും മറ്റ് പണിസാമഗ്രികളും കൂട്ടിയിട്ട നിലയുമുണ്ട്. ഈ പണി നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപ്പാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.”- അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അയച്ച കത്തില്‍ പറയുന്നു.
അതേസമയം ഹെലിപ്പാഡ് ഏരിയയില്‍ കാര്യമായ തകരാറില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമതാ ബാനര്‍ജിയുടെയും മിഥുന്‍ ചക്രബര്‍ത്തിയുടെയും ഹെലികോപ്ടറുകള്‍ കഴിഞ്ഞ ദിവസങ്ങളില് ഇവിടെ ലാന്‍ഡ് ചെയ്തിരുന്നതായും എയര്‍പോര്‍ട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അമിത് ഷാ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
WATCH THIS VIDEO: