'ഭൂമിയിലെ ഏറ്റവും വലിയ തെരുവ് മഹോല്‍സവം'; മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങി
Mollywood
'ഭൂമിയിലെ ഏറ്റവും വലിയ തെരുവ് മഹോല്‍സവം'; മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th September 2019, 10:07 pm

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം. പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതോടൊപ്പം സിനിമ തുടങ്ങിയത് മുതല്‍ വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.

സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മാമാങ്കം ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ തന്റെ പേരില്ലാത്തതിനെതിരെ അന്ന് സജീവ് പിള്ള രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ വീണ്ടും മാമാങ്കം ടീമിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. സിനിമയുടെ പ്രചരണത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നത് മുഴുവന്‍ താന്‍ നേരത്തെ ചിത്രീകരിച്ചതാണെന്നാണ് സജീവ് പിള്ള പറഞ്ഞത്.

‘എന്റെ വര്‍ക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവര്‍ തന്നെ ഞാന്‍ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാന്‍ ആവുന്നില്ല. എന്നെ ‘പുറന്തള്ളിയ’ പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാന്‍ സൃഷ്ടിച്ച അതേ ഉത്പന്നങ്ങള്‍: തിരസ്‌കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?’-എന്നാണ് സജീവ് പിള്ള പറഞ്ഞത്.