കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. ഇപ്പോഴും ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും ഇവര്‍ സജീവമാണ്. സുകുമാരന്റെ ഭാര്യയും പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയുമാണ് മല്ലിക സുകുമാരന്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടുകൂടി ഒട്ടനവധി പേരാണ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് മുന്നോട്ട് വരുന്നത്. ഇതിന് പിന്നാലെ അമ്മ താര സംഘടനയില്‍ ഭിന്നിപ്പും കൂട്ട രാജിയും നടന്നിരുന്നു.
കൃത്യ സമയത്തുള്ള അന്വേഷണം പരാതികള്‍ക്ക് മുകളില്‍ വേണമെന്നും അതേ സമയം തുറന്നു പറയുന്നവരുടെ ഉദ്ദേശ ശുദ്ധിയും കൂടെ പരിശോധിക്കണമെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജ് അമ്മയുടെ പ്രസിഡണ്ട് ആകണമെന്ന് പറയുന്നവര്‍ക്ക് ഇതുവരെ തോന്നാത്ത സ്‌നേഹം എവിടെ നിന്ന് വന്നു എന്നും മല്ലിക ചോദിക്കുന്നു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അവര്‍.
‘അവര്‍ക്കുണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന വേദന കൊണ്ട് അവര്‍ പറഞ്ഞതായിരിക്കും, തീര്‍ച്ചയായിട്ടും അത് അന്വേഷിക്കണം. പക്ഷെ ഇതിനകത്ത് വേറോരു പ്രശ്‌നം കൂടെയുണ്ട്. ഇന്നലെ ഒരു സ്ത്രീ നടന്റെ പേര് മാറ്റി പറഞ്ഞു അവര്‍ക്ക് തെറ്റിപോയെന്ന്.
തെറ്റുകള്‍ അവര്‍ക്കും സംഭവിച്ചോ എന്നുള്ളത് പരിശോധിക്കണം. ഇല്ലെങ്കില്‍ പോകുന്നത് ഒരു കുടുംബം ആയിരിക്കും. ഒരു മനുഷ്യന്റെ ഭാര്യ, കുട്ടികള്‍ എന്നൊക്കെ പറയുന്നത് പോകാന്‍ ഒരാള്‍ നാക്ക് വളച്ചൊന്ന് പറഞ്ഞാല്‍ മതി. കുറച്ച് എല്ലാവരും ശ്രദ്ധിക്കണം.
നമ്മള്‍ ഒരു മീറ്റിങ്ങിന് പോകുമ്പോള്‍ അതിപ്പോള്‍ അമ്മയാകട്ടെ ഒരു രാഷ്ട്രീയ സംഘടനയാകട്ടെ അല്ലെങ്കില്‍ ഒരു സാംസ്‌കാരിക സമ്മേളനം ആകട്ടെ നമ്മുടെ പെരുമാറ്റത്തിലും വര്‍ത്തമാനത്തിലുമെല്ലാം നമ്മുടേതായിട്ടുള്ള മാന്യതയും സഭ്യതയും വേണം. അല്ലാതെ ചുമ്മാ കേറി ഇരുന്ന് മൈക്കില്‍ കൂടെ കണാകുണാ പറയുന്നതൊന്നും ശരിയല്ല.
ഇന്ന് ഏതോ ഒരു നടി കേറിയിരുന്ന് പ്രസംഗിക്കുന്നത് കേട്ടു പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്ന്. കുറെ കാലമായിട്ട് അവര്‍ ഇതുമായിട്ട് സഹകരിക്കുന്നൊരാളാണ്. ഇതുവരെ തോന്നാത്ത ഒരു സ്‌നേഹം പെട്ടന്ന് തോന്നുന്നത്..പൃഥ്വിരാജ് അദ്ദേഹത്തിന്റെ ജോലി ചെയ്ത് ജീവിച്ചോട്ടെ.
ഒരുപാട് വലിയ നടന്‍മാര്‍, നമ്മളൊക്കെ ബഹുമാനിക്കുന്നവര്‍ ഇതിനകത്തുണ്ട്. അവരൊക്കെ ഭരിക്കട്ടെ, നയിക്കട്ടെ, നല്ല രീതിയില്‍ കൊണ്ട് പോകട്ടെ. ഇതിന്റെ തലപ്പത്തിരിക്കുന്ന പലരും ഒന്നും അറിഞ്ഞിട്ടില്ല എന്നുള്ളത് സത്യമാണ്,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Talks about Hema Committee report and Prithviraj As AMMA Organization President