World News
സൈനികരെ പുറത്താക്കുന്നതിന് പിന്നാലെ ഇന്ത്യയുമായുള്ള സമുദ്ര കരാറുകളും അവസാനിപ്പിക്കാന്‍ മാലിദ്വീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 06, 05:32 pm
Wednesday, 6th March 2024, 11:02 pm

മാലേ: ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേയുമായി ബന്ധപ്പെട്ട കരാര്‍ പുതുക്കുകയില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സ്വതന്ത്രമായി സര്‍വേ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മുയിസു പറഞ്ഞു.

പുതിയ തീരുമാനം രാജ്യത്തിന്റെ അണ്ടര്‍വാട്ടര്‍ സര്‍വേകള്‍ സ്വയം നടത്താന്‍ മാലിദ്വീപിനെ അനുവദിക്കുമെന്നും പ്രസിഡന്റ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അണ്ടര്‍വാട്ടര്‍ ഫീച്ചറുകളുടെ എല്ലാ സ്ഥിതിവിവരക്കണക്കുകളും വിലയിരുത്താന്‍ ഇതിലൂടെ തന്റെ സര്‍ക്കാരിന് കഴിയുമെന്നും മുയിസു പറഞ്ഞു. ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ 24/7 നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയും മുയിസു വെളിപ്പെടുത്തി.

നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നതിലൂടെ മാലദ്വീപ് അതിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുമെന്നും പ്രാദേശിക അതിര്‍ത്തിയില്‍ പരമാധികാരം ഉറപ്പുവരുത്തുമെന്നുമാണ് വിലയിരുത്തുന്നത്.

ഇന്ത്യയുമായി ഒപ്പുവെച്ച 100ലധികം കരാറുകള്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മാലിദ്വീപ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം മെയ് 10ന് ശേഷം ഇന്ത്യന്‍ സൈനികരെ രാജ്യത്ത് കണ്ട് പോകരുതെന്ന മുന്നറിയിപ്പുമായി വ്യഴാഴ്ച മുഹമ്മദ് മുയിസു രംഗത്തെത്തിയിരുന്നു. ചൈനയുമായി മാലിദ്വീപ് സൈനിക കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മെയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനെ മാലിദ്വീപില്‍ കണ്ടുപോകരുതെന്നാണ് മുയിസു പറഞ്ഞത്. മാര്‍ച്ച് 10നകം ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ തിരിച്ചയക്കുമെന്നും അന്നേദിവസം തന്നെ സൈന്യത്തെ പൂര്‍ണമായും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ രാജ്യം വിജയിച്ചെന്നും എന്നാല്‍ പലരും സര്‍ക്കാരിന്റെ തീരുമാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Maldives to end maritime agreements with India after expelling soldiers