അങ്കാറ: ഏഷ്യയില്‍ ചൈന ഫോബിയയെ പ്രോത്സാഹിപ്പിക്കരുതെന്ന് മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി. തങ്ങളുടെ മേല്‍ ശീതയുദ്ധ മനോഭാവം അടിച്ചേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് മന്ത്രി സാംബ്രി അബ്ദു ഖാദിര്‍ പറഞ്ഞു.
2024ലെ അന്റാലിയ ഡിപ്ലോമസി ഫോറത്തിലെ ‘ബില്‍ഡിങ് ഏഷ്യ-പസഫിക് റീജിയണല്‍ ആര്‍ക്കിടെക്ചേഴ്സ്: ദ ചലഞ്ചസ് ഓഫ് അണ്‍ മാച്ചിങ് ഇന്ററസ്സ്’ എന്ന തലക്കെട്ടിലുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിയാന്‍ രാജ്യങ്ങളില്‍ ചൈന എങ്ങനെയാണ് ഒരു പ്രധാന വ്യാപാര പങ്കാളിയായി മാറിയതെന്നും സാംബ്രി അബ്ദു വിശദീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനായി ലോകത്തില്‍ ഒരു മധ്യ പാത കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഏഷ്യന്‍ നേതാക്കള്‍ പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി, ലോകത്തിലെ പുതിയ സുരക്ഷാ വെല്ലുവിളികള്‍, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ചര്‍ച്ചകള്‍ നടത്തണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പ്രതിസന്ധി ഘട്ടങ്ങളില്‍ നല്‍കിയ സഹായത്തിന് ചൈനയെയും ഇന്ത്യയെയും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ബാലസൂര്യ പ്രശംസിക്കുകയുണ്ടായി. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ദക്ഷിണേഷ്യന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സഹായിക്കാന്‍ കൂടുതല്‍ പ്രാദേശിക സംഘടനകള്‍ ഉയര്‍ന്നുവരുമെന്ന് വിശ്വസിക്കുന്നുവെന്ന് ബാലസൂര്യ പറഞ്ഞു.
നിരവധി വികസ്വര രാജ്യങ്ങള്‍ ബ്രിക്‌സ്, ആഫ്രിക്കന്‍ യൂണിയന്‍, ആസിയാന്‍, സാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രയത്‌നിക്കുകയാണെന്ന് ഫോറം വിലയിരുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Malaysian Minister of Higher Education to not promote China phobia in Asia