അയോധ്യാക്കേസും മലയാളി ജില്ലാ മജിസ്‌ട്രേറ്റും തമ്മിലെന്താണു ബന്ധം? നെഹ്‌റുവിന്റെ നിര്‍ദ്ദേശത്തെപ്പോലും അവഗണിച്ച ആ സംഭവം ഇങ്ങനെയാണ്
Ayodhya Verdict
അയോധ്യാക്കേസും മലയാളി ജില്ലാ മജിസ്‌ട്രേറ്റും തമ്മിലെന്താണു ബന്ധം? നെഹ്‌റുവിന്റെ നിര്‍ദ്ദേശത്തെപ്പോലും അവഗണിച്ച ആ സംഭവം ഇങ്ങനെയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 5:15 pm

ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ ശനിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍, അതിനോടൊപ്പം തന്നെ ചര്‍ച്ചയാകേണ്ട ഒരു പേരുണ്ട്. അതും ഒരു മലയാളിയുടെ പേര്, കെ.കെ നായര്‍. 1949-ല്‍ വിഗ്രഹം കണ്ടെടുക്കുന്ന കാലത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായിരുന്നു കെ.കെ നായര്‍.

അതുവരെ ബാബ്‌റി മസ്ജിദ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് ആരാധന നടത്താന്‍ ഹിന്ദു മഹാസഭയ്ക്ക് അനുമതി നല്‍കിയ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയാണ് ആലപ്പുഴ കൈനകരി സ്വദേശിയായ കെ.കെ നായര്‍. ആ സംഭവം ഇങ്ങനെ:

1949 ഡിസംബര്‍ 22-നും 23-നുമാണ് ബാബ്‌റി മസ്ജിദില്‍ രണ്ടു വിഗ്രഹങ്ങള്‍ കണ്ടെത്തുന്നത്, രാമന്റെയും സീതയുടെയും. 22-ന് രാത്രി 11 മണിക്കാണു വിഗ്രഹം പള്ളിയിലെത്തിച്ചതെന്നു പിന്നീട് പൊലീസ് കുറ്റപത്രത്തില്‍ എഴുതിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ധാരക് ബാബയെന്ന ബാബ അഭിറാം ദാസും ഇന്ദുശേഖര്‍ ഷാ, യുഗല്‍ കിഷോര്‍ ഷാ എന്നീ സഹോദരന്മാരും ചേര്‍ന്നെത്തിച്ചു എന്നാണ് കേസ്. ബാബാ അഭിരാം ദാസ് നേരിട്ടാണു വിഗ്രഹം സ്ഥാപിച്ചതെന്ന് ഇവരുടെ സഹായിയായിരുന്ന ദാസ് പരമഹംസ പിന്നീട് മൊഴി നല്‍കി.

23-നു പുലര്‍ച്ചെ നാലുമണിക്കു ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ മസ്ജിദിലെത്തി. പക്ഷേ പൊലീസിനെയോ സര്‍ക്കാരിനെയോ വിവരമറിയിച്ചതാകട്ടെ, രാവിലെ ഒമ്പതു മണിക്കും. ഈ സമയത്തുതന്നെ ഹിന്ദു മഹാസഭ ക്ഷേത്രം കൈയടക്കിയിരുന്നു.

പൊലീസെത്തുമ്പോള്‍ ഭജന ചൊല്ലിയിരുന്നത് കെ.കെ നായരുടെ ഭാര്യ ശകുന്തളാ നായരായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. ഹിന്ദു മഹാസഭാ നേതാവ് കൂടിയായിരുന്ന ശകുന്തളാ നായര്‍ ഉത്തര്‍പ്രദേശ് സ്വദേശിനി കൂടിയാണ്. 1952-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ ഗോണ്ടയില്‍ നിന്ന് ഹിന്ദു മഹാസഭയുടെ ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയിലെത്തി.

വിഗ്രഹം കണ്ടെടുത്ത സംഭവത്തില്‍ നായരെ വിമര്‍ശിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ മൂന്നു കത്തുകള്‍ പില്‍ക്കാലത്തു പുറത്തുവന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1538-ല്‍ ഇന്ത്യയിലെത്തിയ ബാബര്‍ സ്ഥാപിച്ച പള്ളിയുടെ പേരില്‍ 400 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അവകാശവാദം അംഗീകരിക്കുന്നതു ചരിത്രനിഷേധമാണെന്നായിരുന്നു നെഹ്‌റു കത്തില്‍ പറഞ്ഞത്. ചരിത്രത്തില്‍ ഇങ്ങനെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും ഐതിഹ്യങ്ങളുടെ പേരിലുള്ള കടന്നാക്രമണം പുതിയ കാലത്ത് അംഗീകരിക്കാനാവില്ലെന്നും നെഹ്‌റു എഴുതി.

വിഗ്രഹങ്ങള്‍ സരയൂ നദിയില്‍ എറിയണമെന്ന് നെഹ്‌റു ഫോണിലൂടെ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജെ.ബി പന്തിനോടു നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ചീഫ് സെക്രട്ടറി അത് നായരെ ചുമതലപ്പെടുത്തി. എന്നാല്‍ ജനക്കൂട്ടം അക്രമാസക്തമാകും എന്നതിനാല്‍ ഉത്തരവ് പാലിക്കാനാകില്ലെന്നായിരുന്നു നായര്‍ സ്വീകരിച്ച നിലപാട്.

1952-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം നായര്‍ സിവില്‍ സര്‍വീസില്‍ നിന്നു രാജിവെച്ചു. വിഗ്രങ്ങള്‍ കണ്ടെത്തുന്നതിന് ഒരുദിവസം മുന്‍പ് ഡിസംബര്‍ 21-ന് അയോധ്യയിലെ ജാംബവന്ത് ക്വിലയില്‍ വെച്ച് വിഗ്രഹം സ്ഥാപിച്ചവരുമായി നായര്‍ കൂടിക്കാഴ്ച നടത്തിയെന്ന പൊലീസ് റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു രാജിക്കു കാരണം. ആ പരാമര്‍ശം വന്‍ വിവാദമായിരുന്നു.

സുപ്രീംകോടതിയില്‍ അയോധ്യാക്കേസില്‍ വാദം നടക്കവെ അഭിഭാഷകനായ രാജീവ് ധവാന്റെ വാദത്തില്‍ ഇക്കാര്യം പറയുകയുണ്ടായി. ‘മസ്ജിദിനുള്ളില്‍ വിഗ്രഹം സ്വയംഭൂവായതല്ല. അത് ആസൂത്രിതമായി അകത്തുകടത്തിയതാണ്.

മസ്ജിദിനകത്തു സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ടായിട്ടും ഒത്തുകളിച്ച കെ.കെ നായര്‍ അതിന് അനുവദിച്ചില്ല. നായര്‍ക്ക് അതിനു പ്രത്യുപകാരമായി ബി.ജെ.പിയുടെ മുന്‍രൂപമായ ജനസംഘം പാര്‍ലമെന്റ് സീറ്റ് നല്‍കി.’- ധവാന്‍ പറഞ്ഞു.

നാലാം ലോക്‌സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ഥിയായി മത്സരിച്ച് നായര്‍ ജയിച്ചുകയറിയിരുന്നു. ശകുന്തള ഒന്ന്, മൂന്ന്, നാല് ലോക്‌സഭകളില്‍ അംഗമായിരുന്നു.