Daily News
കെ.സുധാകരനെ പ്രസിഡന്റായി ഞങ്ങൾക്ക് വേണം; രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനയുമായി കോൺഗ്രസ് പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 05, 04:16 pm
Tuesday, 5th June 2018, 9:46 pm

ന്യൂദൽഹി: പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ മലയാളി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ട അഭ്യർത്ഥന.

രാജ്യസഭാ സീറ്റ് പുതുമുഖത്തിന്‌ നൽകണമെന്നും, കെ.പി.സി.സി പ്രസിഡന്റായി ഏറ്റവും അനുയോജ്യനേ നിയമിക്കണമെന്നുമാണ്‌ മലയാളി കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ഇതിനായി പലരും പല പേരുകൾ നിർദേശിക്കുന്നുമുണ്ട്. ഇതിൽ പ്രമുഖനാണ്‌ കെ.സുധാകരൻ. കെ.മുരളീധരന്റെ പേരും പലരും നിർദേശിക്കുന്നുണ്ട്. മുല്ലപ്പളിയെ പ്രസിഡന്റായി നിയമിക്കരുതെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിലെ യുവ എം.എൽ.എമാർ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ യുവ എം.എല്‍.എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍, അനില്‍ അക്കര എന്നിവരാണ്‌ നേതൃമാറ്റം ആവശ്യപ്പെട്ടത്.  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമായിരുന്നു എം.എല്‍.എമാരുടെ പ്രതികരണം.

സീറ്റുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും, പുതിയ തലമുറയ്ക്ക് സീറ്റും പ്രാതിനിധ്യവും നല്‍കണമെന്നും യുവ എം.എല്‍.എമാര്‍ നവ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.