കടകളിലേക്ക് വെള്ളം ഇരച്ചുകയറി; യു.എ.ഇയില്‍ മഴക്കെടുതി ബാധിച്ചത് മലയാളികളായ ചെറുകിട കച്ചവടക്കാരെയും
World News
കടകളിലേക്ക് വെള്ളം ഇരച്ചുകയറി; യു.എ.ഇയില്‍ മഴക്കെടുതി ബാധിച്ചത് മലയാളികളായ ചെറുകിട കച്ചവടക്കാരെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 11:59 pm

ഫുജൈറ: മഴക്കെടുതികളില്‍ നിന്ന് മോചിതരായി യു.എ.ഇയുടെ കിഴക്കന്‍ മേഖല പൂര്‍വസ്ഥിതിയിലേക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് മലയാളി സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും.

രണ്ട് മൂന്ന് ദിവസങ്ങളിലായി പെയ്ത മഴയാണ് യു.എ.ഇയുടെ കിഴക്കന്‍ മേഖലയില്‍ നാശം വിതച്ചത്. നൂറ് കണക്കിന് മലയാളി സന്നദ്ധപ്രവര്‍ത്തകര്‍ സജീവമായി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

ഫുജൈറ, ഖൊര്‍ഫുക്കാന്‍, കല്‍ബ എന്നീ മേഖലയിലാണ് മലവെച്ചപ്പാച്ചില്‍ നാശം വിതച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസ നടപടികളും പുരോഗമിക്കുകയാണ്.

ഖല്‍ബയില്‍ കെടുതി കൂടുതല്‍ ബാധിച്ചത് മലയാളികളായ ചെറുകിട കച്ചവടക്കാരെയാണ്. സ്ഥാപനങ്ങളിലും വാഹനത്തിലും വെള്ളംകയറി നിരവധി പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടവും നേരിട്ടിട്ടുണ്ട്.

കടകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ 80 ശതമാനത്തോളം സാധനങ്ങളും നശിച്ചെന്ന് ചെറുകിട മലയാളി കച്ചവടക്കാര്‍ പറഞ്ഞു. മീഡിയ വണ്‍ ടി.വിയോടായിരുന്നു ഇവരുടെ പ്രതികരണം. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ഇവര്‍ പറഞ്ഞു.

‘തീരെ പ്രതീക്ഷിച്ചിരുന്നില്ല. വെള്ളം പെട്ടന്ന് ഉയരുകയായിരുന്നു. രത്രിയിലാണ് വെള്ളം പൊങ്ങിയത്. ആകെ നശിച്ചു, ഇനി ആദ്യം മുതല്‍ തുടങ്ങണം,’ തൊഴിലാളികളും കച്ചവടക്കാരുമായ മലയാളികള്‍ പ്രതികരിച്ചു.

അതേസമയം, മഴക്കെടുതിയില്‍ മരിച്ച ഏഴുപേരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി വിവരമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഏഴ് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫുജൈറ, റാസല്‍ഖൈമ, കല്‍ബ മേഖലകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം അറിയിച്ചത്.