'പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാതിരിക്കാന്‍ യോഗ പഠിപ്പിച്ചാല്‍ മതി'; വിചിത്ര നിര്‍ദ്ദേശവുമായി ബാബാ രാംദേവ്
national news
'പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാതിരിക്കാന്‍ യോഗ പഠിപ്പിച്ചാല്‍ മതി'; വിചിത്ര നിര്‍ദ്ദേശവുമായി ബാബാ രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 1:16 pm

നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയതിന് പിന്നാലെ വിചിത്ര പരാമര്‍ശവുമായി ബാബ രാംദേവ്. വിദ്യാഭ്യാസ സിലബസില്‍ യോഗ ഉള്‍പ്പെടുത്തിയാല്‍ ഇത്തരം പ്രവണതകള്‍ കുറയ്ക്കാമെന്നാണ് രാംദേവിന്റെ നിര്‍ദ്ദേശം.

‘കുറ്റവാളികളെ തൂക്കിലേറ്റിയതോടെ ചരിത്ര പരമായ നേട്ടമാണ് നീതിപീഠം നേടിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണതയുള്ളവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ. ഇത് രാജ്യത്തെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനും കാരണമായി. യോഗയും മോറല്‍ സ്റ്റഡീസും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായാല്‍ ഇത്തരം കുറ്റകൃത്യങ്ങളെ ഒഴിവാക്കാന്‍ കഴിയും’, രാംദേവ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.

ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. വൈകിയാണെങ്കിലും നീതി നടപ്പായെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. ‘സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ട’, ആശാദേവി പറഞ്ഞു.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. ഓടുന്ന ബസില്‍വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി റോഡിലെറിയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ