'കടമയാണ് ചെയ്തത്, ഞാന്‍ ഇന്ത്യന്‍ ആര്‍മിയിലെ ഒരംഗം മാത്രം': മേജര്‍ സീത അശോക് ഷെല്‍ക്കെ
Kerala News
'കടമയാണ് ചെയ്തത്, ഞാന്‍ ഇന്ത്യന്‍ ആര്‍മിയിലെ ഒരംഗം മാത്രം': മേജര്‍ സീത അശോക് ഷെല്‍ക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 4:03 pm
വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണെന്ന് മേജർ സീത അശോക് ഷെൽക്കെ

മേപ്പാടി: മുണ്ടക്കൈയിലെ ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മേജര്‍ സീത അശോക് ഷെല്‍ക്കെ. താന്‍ വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സംഘത്തിലെ ഒരാള്‍ മാത്രമാണെന്ന് സീത ഷെല്‍ക്കെ പറഞ്ഞു. ബെയ്‌ലി പാലത്തിന്റെ എഞ്ചിനീയര്‍ കൂടിയായ സീത ഷെല്‍ക്കെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതികരിച്ചിരിക്കുന്നത്.

‘മദ്രാസ് സാപ്പേഴ്‌സിലെ ഒരു അംഗമായതില്‍ ഏറെ അഭിമാനിക്കുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ രാത്രിയെന്നും പകലെന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ ഒരു ഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ്,’ എന്നാണ് സീത ഷെല്‍ക്കെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു വനിതാ ഉദ്യോഗസ്ഥയായിട്ടല്ല താന്‍ ഈ ദുരന്ത ഭൂമിയില്‍ നില്‍ക്കുന്നതെന്നും ഒരു സൈനികയായിട്ടാണെന്നും സീത ഷെല്‍ക്കെ പറഞ്ഞു. തന്നിലേല്‍പ്പിച്ച കര്‍ത്തവ്യമാണ് താന്‍ നിറവേറ്റിയതെന്നും ഷെല്‍ക്കെ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ആര്‍മിയുടെ ഒരു ഭാഗമായി താന്‍ പ്രവര്‍ത്തിക്കുന്നു, അതില്‍പ്പരം ഒന്നുമില്ലെന്നും സീത ഷെല്‍ക്കെ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിര്‍മാണം സൈന്യം പൂര്‍ത്തീകരിച്ചതോടെ നിരവധി ആളുകളാണ് മേജര്‍ സീത ഷെല്‍ക്കെയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയിലെ പിന്തുണ.

ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥയാണ് ഈ മഹാരാഷ്ട്രക്കാരി. മദ്രാസ് സാപ്പേഴ്സ് എന്നും അറിയപ്പെടുന്ന ഗ്രൂപ്പിലെ ഏക വനിതാ ഉദ്യോഗസ്ഥയുമാണ് സീത ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറല്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ സീത ഷെല്‍ക്കെ ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 2012ല്‍ സീത അശോക് ഷെല്‍ക്കെ സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്തു.

Content Highlight: Major Sita Ashok Shelke reacting to the media after the completion of construction of Bailey Bridge at Mundakai