മേജര്‍ രവി കോണ്‍ഗ്രസ്സിലേക്കോ? ; മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെന്നിത്തലക്കൊപ്പം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
Kerala
മേജര്‍ രവി കോണ്‍ഗ്രസ്സിലേക്കോ? ; മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെന്നിത്തലക്കൊപ്പം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 10:52 am

തിരുവനന്തപുരം: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആലുയിലെത്തിയ മേജര്‍ രവി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു.

ഐശ്വര്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച് രമേശ് ചെന്നിത്തലക്കൊപ്പം മേജര്‍ രവി വേദി പങ്കിടുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി കേരളത്തിലുടനീളം പ്രചരണത്തിനിറങ്ങിയിരുന്നു.

എന്നാല്‍ ഇത്തവണ ബി.ജെ.പിക്ക് വേണ്ടി താന്‍ ഇറങ്ങില്ലെന്നും ബി.ജെ.പിയില്‍ സത്യസന്ധരായ നേതാക്കളില്ലെന്നും മേജര്‍ രവി മുന്‍പ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും തന്നെ വിളിച്ചില്ലെന്നും മേജര്‍ രവി കുറ്റപ്പെടുത്തിയിരുന്നു.

രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചിരുന്നു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. മേജര്‍രവിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഐശ്വര്യ കേരളയാത്രയുടെ കൂടി ഭാഗമായി മേജര്‍ രവി എത്തുന്നതോടെ കോണ്‍ഗ്രസുമായി അദ്ദേഹം അടുക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlight: Major Ravi may Join  Congress