national news
'ആധുനിക വൈദ്യശാസ്ത്രത്തെ കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനെയാണ് കേന്ദ്രവും മന്ത്രിമാരും അംഗീകരിക്കുന്നത്'; രാംദേവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 23, 10:46 am
Sunday, 23rd May 2021, 4:16 pm

ന്യൂദല്‍ഹി: ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. ആധുനിക വൈദ്യശാസ്ത്രത്തെയും സയന്‍സിനെയും ദിവസവും ഇങ്ങനെ കൊല്ലുന്ന ഒരാളെയാണ് കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അംഗീകരിക്കുന്നത് എന്നാണ് മഹുവ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

‘ഏറ്റവും വലിയ മണ്ടത്തരം എന്താണെന്ന് അറിയുമോ?

ആധുനിക വൈദ്യശാസ്ത്രത്തെയും സയന്‍സിനെയും ദിവസവും ഇങ്ങനെ കൊല്ലുന്ന ഒരാളിനെയാണ് കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അംഗീകരിച്ച് കൊണ്ടു നടക്കുന്നത്’, മഹുവ ട്വിറ്ററിലെഴുതി.

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് മഹുവയുടെ പ്രതികരണം.

അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടത്.

അല്ലെങ്കില്‍ അലോപ്പതിക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐ.എം.എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എ ലീഗല്‍ നോട്ടീസ് അയച്ചത്.

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് ആരോപിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നെന്നും എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജമരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഐ.എം.എ ആരോപിച്ചു.