ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിനു പിന്നാലെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പേപ്പറുകള്‍ കാണിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്നും പുറത്തേക്കുള്ള വാതില്‍പ്പുറം കാണിച്ചുതരുമെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ബി.ജെ.പീ, ശ്രദ്ധിക്കൂ, നിങ്ങള്‍ പേപ്പറുകള്‍ കാണിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അധികാരത്തില്‍ നിന്നും പുറത്തേക്ക് പോകാനുള്ള വാതില്‍ ഞങ്ങള്‍ കാണിച്ചു തരാം,’ മഹുവ ട്വീറ്റ് ചെയ്തു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയത്. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നു’, ജെ.പി നദ്ദ പറഞ്ഞു.
പൗരത്വനിയമം പാര്‍ലമെന്റില്‍ പാസായതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നിയമത്തിന്റെ പ്രയോജനം ലഭിക്കും. അതിനായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും നദ്ദ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് അമിത് ഷാ പറഞ്ഞിതിനെതിരെയും മഹുവ രംഗത്തെത്തിയിരുന്നു.