ഇന്ന് നിങ്ങളുടെ കുടിലില്‍ വന്ന, നിങ്ങളുടെ കാലുകഴുകിയ അതേമനുഷ്യന്‍, അധികാരത്തിലെത്തിയാല്‍ ആവശ്യപ്പെടുന്നത് രേഖകള്‍ ആയിരിക്കും; അമിത് ഷായ്‌ക്കെതിരെ മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: കേന്ദ്രമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ഇന്ന് കുടിലുകള്‍ സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാവ് അധികാരത്തില്‍ വന്നാല്‍ പൗരത്വം തെളിയിക്കുന്നതിന് വേണ്ടി ജനങ്ങളോട് രേഖകള്‍ ആവശ്യപ്പെടുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള ബി.ജെ.പിയുടെ കാട്ടിക്കൂട്ടലുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
”ബംഗാള്‍ സൂക്ഷിക്കുക …
ഇന്ന് നിങ്ങളുടെ കുടിലില്‍ വന്ന അതേ മനുഷ്യന്‍, നിങ്ങളുടെ കാലുകള്‍ കഴുകുകയും നിങ്ങളോടൊപ്പം തറയിലിരുന്ന് കഴിക്കുകയും ചെയ്യുന്ന അതേ മനുഷ്യന്‍ അധികാരത്തില്‍ വന്നാല്‍ നിങ്ങളോട് രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെടും,” മൊയ്ത്ര പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ പശ്ചിമ ബംഗാളിലെത്തിയത്. ആദിവാസി മേഖലയായ ബന്‍കുറയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.
ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മമത സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.
ആദിവാസി മേഖലകളിലുള്ളവര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി അനുവദിച്ച പണം അവരിലേക്ക് എത്തുന്നില്ലെന്നും കര്‍ഷകര്‍ക്കുള്ള 6,000 രൂപയുടെ കേന്ദ്രസഹായം അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നും അമിത് ഷാ ആരോപിച്ചിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി ബംഗാളില്‍ അടുത്ത തവണ ഭരണം പിടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക