national news
ദയവ് ചെയ്ത് എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഞാനീപ്പറയുന്ന കാര്യങ്ങള്‍ ചെയ്യ്; മോദിക്ക് മഹുവയുടെ 'മൂന്ന് ഉപദേശം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 02:03 pm
Monday, 12th April 2021, 7:33 pm

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മമതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാന്‍മാരെ നിന്ദിക്കരുതെന്നായിരുന്നു മമതയോട് മോദി പറഞ്ഞത്.
എന്നാല്‍ ആദ്യം കള്ളം പറഞ്ഞുകൂട്ടുന്നത് നിര്‍ത്തണമെന്നാണ് മഹുവയുടെ മറുപടി.

” ജവാന്‍മാരെ അനാദരിക്കരുത്: മമതാ ജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി – ദയവ് ചെയ്ത് എല്ലാ ദിവസവും രാവിലെ ഉണരുക, ഇനിപ്പറയുന്നവ ചൊല്ലുക: കള്ളം പറയരുത്, വിദ്വേഷം പരത്തരുത്.
കൊല്ലരുത്,” മഹുവ പറഞ്ഞു.

ജവാന്മാരുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്ന ബി.ജെ.പിയാണ് ജവാന്മാരോട് ആത്യന്തികമായി അനാദരവ് കാണിക്കുന്നതെന്നും മഹുവ പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ചായിരുന്നു നരേന്ദ്രമോദി മമതയെ കുറ്റപ്പെടുത്തിയത്. മമത തങ്ങളുടെ പാര്‍ട്ടിയുടെ മുദ്രാവാക്യം മറന്നെന്നും പകരം തന്റെ പേര് മാത്രമാണ് ഇപ്പോള്‍ ഉച്ചരിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബര്‍ദമാനില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ആരെയും ബഹുമാനിക്കുന്നില്ലെന്നും അമ്മമാരെപ്പോലും അവര്‍ വിലകല്‍പ്പിക്കുന്നില്ലെന്നും മോദി പറഞ്ഞു.

”രണ്ട് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ബംഗാളിലെത്തിയ ബീഹാറിലെ പൂര്‍ണിയയില്‍ നിന്നുള്ള ധീരനായ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു കൊന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ട ആ അമ്മയും മരിച്ചു. ദീദി, ആ ഉദ്യോഗസ്ഥന്റെ അമ്മ നിങ്ങള്‍ക്ക് അമ്മയല്ലേ? നിങ്ങള്‍ എത്രനിഷ്‌കരുണം ആണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?” മോദി പറഞ്ഞു.

തന്റെ പ്രവര്‍ത്തകരെ കേന്ദ്രസേനയ്‌ക്കെതിരെ പോരാടാന്‍ മമത ബാനര്‍ജി പ്രേരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua Mocks Modi