മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഹിമ നമ്പ്യാര്‍. ആര്‍.ഡി.എക്‌സ് എന്ന ഒരൊറ്റ സിനിമയിലൂടെയാണ് മഹിമ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുന്നത്. ആര്‍.ഡി.എക്സിന് മുമ്പ് മഹിമ മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടി കൊടുത്തത് ആ സിനിമയായിരുന്നു.
2010ല്‍ കാര്യസ്ഥന്‍ എന്ന പടത്തിലൂടെയാണ് മഹിമ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് നടി തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. മാസ്റ്റര്‍പീസ് (2017), മധുരരാജ (2019), വാലാട്ടി (2023) എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മഹിമ മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നത് ആര്‍.ഡി.എക്‌സിലാണ്.
മലയാളത്തില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരം ഈ അടുത്തായിട്ടാണ് വരുന്നതെന്നും ആര്‍.ഡി.എക്‌സ് റിലീസായ സമയത്ത് സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഒരുപാട് ആക്ടേഴ്‌സ് തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും പറയുകയാണ് മഹിമ നമ്പ്യാര്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മലയാളത്തില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരം എനിക്ക് ഈ അടുത്തായിട്ടാണ് വരുന്നത്. ആര്‍.ഡി.എക്‌സ് റിലീസായ സമയത്ത് ഞാന്‍ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഒരുപാട് ആക്ടേഴ്‌സ് എനിക്ക് മെസേജ് അയച്ചിരുന്നു.
അന്ന് ഞാന്‍ വളരെ എക്‌സൈറ്റഡായി. കാരണം മലയാളത്തില്‍ സിനിമകള്‍ ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതായത് ഫുള്‍ സ്‌ട്രെച്ചില്‍ ഒരു സിനിമയെന്നത് ആഗ്രഹമായിരുന്നു.
സത്യത്തില്‍ കുറേപേര്‍ ആ സമയത്ത് എനിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ ആരുടെയും പേരെടുത്ത് പറയുന്നില്ല. മെസേജ് ചെയ്തും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടും നിരവധി ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ എനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു,’ മഹിമ നമ്പ്യാര്‍ പറഞ്ഞു.
ബ്രൊമന്‍സ് ആണ് മഹിമയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. നടിക്ക് പുറമെ മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് അരുണ്‍ ഡി. ജോസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നിവയുടെ സംവിധായകനാണ് അരുണ്‍ ഡി. ജോസ്.
Content Highlight: Mahima Nambiar Talks About RDX Movie