മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായി പരിഗണിക്കപെടുന്ന ചിത്രമാണ് ട്രാഫിക്. ബോബി- സഞ്ജയുടെ തിരക്കഥയിൽ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ആയിരുന്നു ട്രാഫിക് അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് ആ വർഷത്തെ സംസ്ഥാന അവാർഡും നേടാൻ സാധിച്ചിരുന്നു. മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്.
ട്രാഫിക് എന്ന സിനിമ എഡിറ്റിങ്ങിലൂടെ ഉണ്ടായ ഒരു സിനിമയാണെന്ന ധാരണ പ്രേക്ഷകർക്കുണ്ടെന്നും എന്നാൽ ട്രാഫിക് പൂർണമായി സംവിധായകന്റെ ചിത്രമാണെന്നും മഹേഷ് നാരായണൻ പറയുന്നു. ട്രാഫിക് എഴുത്തിൽ ഉണ്ടായ സിനിമയാണെന്നും രാജേഷ് പിള്ള എന്താണോ ഉദേശിച്ചത് അതാണ് പ്രേക്ഷകർ സ്‌ക്രീനിൽ കണ്ടതെന്നും മഹേഷ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ട്രാഫിക്ക് എഡിറ്റിങ്ങിൽ ഉണ്ടായ ഒരു സിനിമയാണെന്ന തെറ്റായ ധാരണയുണ്ട്. സത്യത്തിൽ അങ്ങനെയല്ല. അത് എഴുത്തിൽ ഉണ്ടായ സിനിമയാണ്. രാജേഷ് പിള്ള എന്ന സംവിധായകനും അത്രയും പ്രാധാന്യം നൽകണം. മൂന്നര വർഷത്തിന് മുകളിൽ ആ സിനിമയ്ക്കായി അവർ വർക്ക് ചെയ്തിട്ടുണ്ട്. മൾട്ടിപ്പിൾ ഹൈപ്പർ നരേറ്റീവ് എന്നൊക്കെ പറയുമ്പോൾ ആളുകൾ വിചാരിക്കുന്നത് എഡിറ്റിങ്ങിലാണ് എല്ലാ മാറ്റങ്ങളും വരുത്തുന്നത് എന്നാണ്.
ലീനിയറായി ഷൂട്ട് ചെയ്തിട്ട് പിന്നെ നോൺ ലീനിയറായി ഉണ്ടാക്കിയതാണ് എന്നൊരു ധാരണയാണ് പ്രേക്ഷകർക്കുള്ളത്. പക്ഷെ അതങ്ങനെയല്ല. ട്രാഫിക് ഉണ്ടായത് അങ്ങനെയല്ല. അത്തരത്തിൽ ഉണ്ടാക്കിയ ഒരു സിനിമയെ ഞാൻ ഒട്ടും ചോർന്നുപോവാതെ പ്ലേസ് ചെയ്തു എന്നേയുള്ളൂ.
എന്താണോ രാജേഷ് ഉദ്ദേശിച്ചത് അത് തന്നെയാണ് സ്‌ക്രീനിൽ വന്നത്. അതിന് വേണ്ടി ഒരുപാട് ഫൈറ്റുകൾ നടന്നിട്ടുണ്ട്. പക്ഷെ അതെല്ലാം സിനിമ നന്നാവാൻ വേണ്ടി മാത്രമാണ്,’മഹേഷ് നാരായണൻ പറയുന്നു.
അതേസമയം മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണ് മഹേഷ് നാരായണൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. ടേക്ക് ഓഫ്, മാലിക് തുടങ്ങി സംവിധാനം ചെയ്‌ത സിനിമകളെല്ലാം ഹിറ്റാക്കിയ അദ്ദേഹം സൂപ്പർ സ്റ്റാറുകൾക്കൊപ്പം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlight: Mahesh Narayanan About Editing Of traffic movie