കോണ്‍ഗ്രസിന്റെ 'അപേക്ഷ'യില്‍ ബി.ജെ.പിയുടെ 'മനസലിഞ്ഞു'; രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുണ്ടാകില്ല
national news
കോണ്‍ഗ്രസിന്റെ 'അപേക്ഷ'യില്‍ ബി.ജെ.പിയുടെ 'മനസലിഞ്ഞു'; രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th September 2021, 6:56 pm

മുംബൈ: മഹാരാഷ്ട്ര രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ബി.ജെ.പി. ഇതോടെ കോണ്‍ഗ്രസിന്റെ മഹാ വികാസ് അഘാഡി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

നേരത്തെ സഞ്ജയ് ഉപാധ്യായയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. രജനി പാട്ടീലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.

കോര്‍ കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനുള്ള തീരുമാനം ബി.ജെ.പിയെടുത്തത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയും റവന്യൂ മന്ത്രി ബാലാസാഹേബ് തോറട്ടും നേരിട്ട് കണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്.


കോണ്‍ഗ്രസ് എം.പിയായിരുന്ന രാജീവ് സതവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഒക്ടോബര്‍ നാലിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസനേയും എന്‍.സി.പിയും സഖ്യമായാണ് മത്സരിക്കുന്നത്.

106 എം.എല്‍.എമാരുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 53 ഉം കോണ്‍ഗ്രസിന് 43 ഉം എം.എല്‍.എമാരുണ്ട്.

എസ്.പി (2), ബഹുജന്‍ വികാസ് അഘഡി (3), എ.ഐ.എം.ഐ.എം (2), പ്രഹര്‍ ജനശക്തി പാര്‍ട്ടി (2), എം.എന്‍.എസ് (1), സി.പി.ഐ.എം (1), സ്വാഭിമാനി പാര്‍ട്ടി (1)പെസന്റ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി (1), ജന്‍സുരജയ പാര്‍ട്ടി (1), സ്വതന്ത്രര്‍ (13) എന്നിങ്ങനെയാണ് മറ്റ് കക്ഷിനില.

കോണ്‍ഗ്രസ് എം.എല്‍.എ റാവുസാഹേബിന്റെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Maharashtra Rajya Sabha bypoll: BJP withdraws Sanjay Upadhyay, paving way for Rajani Patil of Congress to win unopposed