അഭിമന്യു വധം; മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു: വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
abhimanyu murder
അഭിമന്യു വധം; മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു: വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th July 2018, 7:44 am

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരില്‍ ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എട്ടു പ്രതികള്‍ക്കായി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എസ്.ഡി.പി.ഐ നേതാക്കളടക്കം 36 പേരുടെ ഫോണ്‍വിളിയുടെ റിക്കാഡുകള്‍ പൊലീസ് പരിശോധിക്കുകയാണ്. 15 അംഗ സംഘമാണ് സംഘര്‍ഷമുണ്ടാക്കി അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടു പേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ സംഘത്തിലെ മുഴുവന്‍ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഭൂരിഭാഗവും കൊച്ചിയിലും പരിസരങ്ങളിലുമുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ സഹായിച്ചവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 15 പ്രതികളില്‍ എട്ടു പേര്‍ക്കായിട്ടാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഇവരുടെ ചിത്രങ്ങളും പാസ്‌പോര്‍ട്ട് നമ്പരുമടക്കം പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.


Read Also : ഒറ്റക്കുത്തിനു  കൊല്ലണമെങ്കില്‍ നമ്മുടെ ആ പി.ടി ക്ലാസ് ഇപ്പോഴും നടക്കുന്നുണ്ടാവുമല്ലോ; ക്യാമ്പസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗം ചോദിക്കുന്നു


 

ഇതിനിടെ കരുതല്‍ തടങ്കലിലായ എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെന്‍ എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്ന് ആസൂത്രിത നീക്കമുണ്ടായി എന്ന കണ്ടെത്തലിലാണിത്.

കറുത്ത ഫുള്‍ കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞ ആളാണ് അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയതെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം നടന്ന ദിവസം രണ്ട് തവണ ഈ അക്രമിസംഘം ക്യാംപസില്‍ വന്നിരുന്നു. രാത്രി ഒമ്പതരയോടെ എത്തിയ സംഘം വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാത്രി വൈകി വീണ്ടും വരികയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെത്തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലയാളി സംഘത്തിന് യു.എ.പി.എ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.