Entertainment
മാഫിയ ശശി എന്ന് പറഞ്ഞപ്പോള്‍ 'ശശി, അതുമതി കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട' എന്ന് മമ്മൂക്ക; തകര്‍പ്പന്‍ കയ്യടിയായിരുന്നു: മാഫിയ ശശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 01:46 pm
Monday, 3rd March 2025, 7:16 pm

കാലങ്ങളായി മലയാളികള്‍ സിനിമയിലെ ഫൈറ്റ് എന്നതിനോട് ചേര്‍ത്ത് വെക്കുന്ന പേരാണ് മാഫിയ ശശിയുടേത്. മുന്‍നിര താരങ്ങള്‍ക്കുള്‍പ്പെടെ മലയാള സിനിമയില്‍ ഒട്ടുമിക്ക എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘട്ടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള അവാര്‍ഡും മാഫിയ ശശിക്ക് ലഭിച്ചിരുന്നു.

ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ ചെറിയൊരു ഭാഗത്ത് മാഫിയ ശശി അഭിനയിച്ചിരുന്ന നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് മാഫിയ ശശി ഇപ്പോള്‍.

‘ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ എന്റെ പേര് വച്ച് ഒരു കോമഡി സീന്‍ ഉണ്ടെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞിരുന്നു. ഞാന്‍ ‘മാഫിയ ശശി’ എന്ന് പേരു പറയുമ്പോള്‍ ‘ശശി. അതുമതി കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട’ എന്ന മമ്മൂക്കയുടെ ഡയലോഗിന് തകര്‍പ്പന്‍ കയ്യടി ആയിരുന്നു.

പിന്നീട് കണ്ടപ്പോള്‍ മമ്മൂക്ക ചോദിച്ചു, ‘അങ്ങനെ പറഞ്ഞത് വിഷമമായോ’ എന്ന്. എനിക്ക് സങ്കടമായില്ല, ഞാനും വളരെ ആസ്വദിച്ചാണ് ചെയ്തതെന്ന് പറഞ്ഞു.

ഇത്ര കാലം അഭിനയിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട സീന്‍ ആണത്. ശശി എന്ന പേരിനെ മിമിക്രിക്കാര്‍ കോമഡിയാക്കിയെങ്കിലും എനിക്കൊരിക്കലും പേര് മാറ്റണം എന്ന് തോന്നിയിട്ടില്ല,’ മാഫിയ ശശി പറയുന്നു.

ശശിധരന്‍ എങ്ങനെ മാഫിയ ശശി ആയി എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ബോളിവുഡിലെ ഒരു പ്രൊഡക്ഷന്‍ കമ്പനി വലിയ ബജറ്റൊന്നുമില്ലാതെ ധര്‍മേന്ദ്രയെ നായകനാക്കി ‘മാഫിയ’ എന്ന പടം പ്ലാന്‍ ചെയ്തു. അവര്‍ക്ക് വളരെ പെട്ടെന്ന് ഫൈറ്റ് എടുത്തു തീര്‍ക്കുന്ന മാസ്റ്ററെ വേണം എന്ന് പറഞ്ഞപ്പോള്‍, ആര്‍.കെ. നായര്‍ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ പേര് നിര്‍ദേശിച്ചു.

‘മാഫിയ’യിലെ 14 ഫൈറ്റുകള്‍ ആറ് ദിവസം കൊണ്ടാണ് തീര്‍ത്തത്. ലൊക്കേഷനില്‍ ‘മാഫീ… മാഫീ…’ എന്നാണ് ധര്‍മേന്ദ്രസാര്‍ എന്നെ വിളിച്ചിരുന്നത്. ചുമ്മാ തമാശയ്ക്കുള്ള വിളി. ആ സിനിമ കഴിഞ്ഞ ശേഷമാണ് ‘മാഫീ’ എന്ന വിളിയും സിനിമയുടെ പേരും ചേര്‍ത്ത് ‘മാഫിയ ശശി’ എന്ന് പരിഷ്‌ക്കരിച്ചത്,’ മാഫിയ ശശി പറഞ്ഞു.

Content highlight: Mafia Sasi talks about best actor movie and Mammootty